വട്ടോളി വില്ല്യാപ്പള്ളി കനാല്‍ ബദല്‍ റോഡ് യാഥാര്‍ഥ്യമാകാന്‍ കടമ്പകളേറെ
കക്കട്ടില്‍: തിരക്കേറിയ കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയ്ക്ക് സമാന്തരമായി വട്ടോളി ഗവ: യു.പി സ്‌കൂള്‍ മുതല്‍ തണ്ണീര്‍പ്പന്തല്‍ വരെയുള്ള പതിനഞ്ച് മീറ്ററോളം വരുന്ന കനാല്‍ റോഡ് യാഥാര്‍ഥ്യമാവാന്‍ ഇനിയും കടമ്പകളേറെ. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട ഈ പാതയുടെ തുടക്കത്തില്‍ ഇപ്പോള്‍ സോളിങ് പുരോഗമിക്കുകയാണ്.
ചെറിയ വാഹനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ ഈ പാതയുടെ മൂന്നര കിലോമീറ്റര്‍ കുന്നുമ്മല്‍ പള്ളി മുതല്‍ മധുകുന്നു വരെയുള്ള ഭാഗം കൂടി റോഡിന് ലഭിക്കേണ്ടതുണ്ട്. ചിലയിടങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറ്റം നടത്തിയതായും പരാതിയുണ്ട്. ഇതു വീണ്ടെടുത്ത് കഴിഞ്ഞാല്‍ വലിയ വാഹനങ്ങള്‍ക്കും ഇതുവഴി പോകാനാകും. മുന്‍ എം.എല്‍.എ കെ.കെ ലതികയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. വട്ടോളി മുതല്‍ നിട്ടൂര്‍ വരെയുള്ള ഭാഗത്താണ് പ്രവര്‍ത്തിനടക്കുന്നത്. തണ്ണീര്‍ പന്തലില്‍ ചെന്നു കേറാന്‍ പറ്റുന്ന ഈ നിരത്തിന് വളവും, തിരിവും ഇല്ല എന്നുള്ളത് ഏറെ സൗകര്യപ്രദമാണ്. കനാലിന്റെ ഭാഗത്ത് സംരക്ഷണ വേലി കെട്ടി സുരക്ഷിതമാക്കല്‍ ഉള്‍പ്പെടെ ജലസേചന വകുപ്പിന്റെ സ്ഥലം കൈയ്യേറിയ സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കുന്നതും കടമ്പകളാണ്. റീസര്‍വ്വേ നടത്തി സ്ഥലം വീണ്ടെടുക്കേണ്ട അവസ്ഥയും ഉണ്ട്.
കനാല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ താല്‍പ്പര്യമെടുക്കുന്നതോടെ ഏറെക്കുറെ കടമ്പകള്‍ കടക്കാനാവും. മാത്രവുമല്ല ഗതാഗത തടസ്സമില്ലാതെ വടകര ഭാഗത്തേക്കും, തിരിച്ചും നല്ല പാത ലഭിക്കുമെന്നതും നാട്ടുകാരുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുന്നു. ബദല്‍ റോഡിനായുള്ള മുറവിളി ഉയര്‍ന്നിട്ട് കാലങ്ങളായെങ്കിലും ഒച്ചിന്റെ വേഗത്തിലാണ് നിര്‍മാണം നടക്കുന്നത്. നിരന്തരം അപകടങ്ങള്‍ വരുത്തുന്ന സംസ്ഥാന പാത 38ന് ഏറെ ആശ്വാസകരമാണ് ഈ പാത. ജലസേചന വകുപ്പിന്റെ സഹകരണത്തോടെ നിരത്ത് യാഥാര്‍ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."