പലചരക്ക് കച്ചവടത്തിന്റെ മറവില്‍ ലഹരി വില്പന നടത്തുന്നയാള്‍ പിടിയിലായി
അരീക്കോട്: പലചരക്ക് കച്ചവടത്തിന്റെ മറവില്‍ ഹാന്‍സ് വില്പന നടത്തുന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. എടവണ്ണ ഇരഞ്ഞിക്കോട് പുന്നക്കണ്ടി വീട്ടില്‍ ഷെബീര്‍ (33) ആണ് അരീക്കോട് പൊലിസിന്റെ പിടിയിലായത്. 450 പായ്ക്കറ്റ് ഹാന്‍സും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. അരീക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മുസാഫിര്‍ എന്ന കടയിലാണ് ഇയാള്‍ ഹാന്‍സ് വില്പന നടത്തിയിരുന്നത്. പ്രദേശത്തെ വിവിധ കടകളിലേക്ക് ഹാന്‍സ് പായ്ക്കറ്റുക്കള് കൊണ്ട് പോകുന്നത് ഇയാളുടെ കടയില്‍ നിന്നാണെന്ന് അരീക്കോട് എസ്.ഐ കെ. സിനോദ് പറഞ്ഞു. കീഴുപറമ്പിലെ ഒരു കടയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിന് പൊലിസ് കടയിലെത്തി പരിശോധന നടത്തിയത്.
വിദ്യാര്‍ഥികളും യാത്രക്കാരും ദിനേനെയെത്തുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് വളരെ ലാഘവത്തോടെയാണ് ഇയാള്‍ ലഹരി വസ്തുക്കളുടെ വില്പന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. ഈയിടെയായി അരീക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പൊലിസ് പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും കച്ചവടക്കാരുമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ യഥേഷ്ടം ലഹരി വസ്തുക്കള്‍ ലഭ്യമാക്കാന്‍ ലഹരി മാഫിയ ചെറുകിട കച്ചവടക്കാരെ ഉപയോഗപ്പെടുത്തുകയാണെന്ന ആരോപണമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."