എട്ടു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട മാത്യുവിന്റെ മൃതദേഹം ഒളിപ്പിച്ചിടത്ത് ബഹുനില കെട്ടിടം
തലയോലപ്പറമ്പ്: എട്ടുവര്‍ഷം മുന്‍പു കൊല്ലപ്പെട്ട മാത്യുവിന്റെ മൃതദേഹം ഒളിപ്പിച്ചിടത്ത് ഇപ്പോള്‍ ബഹുനില കെട്ടിടം. കെട്ടിടത്തിന്റെ ഉള്‍വശത്ത് കുഴിയെടുത്തിട്ടും യാതൊന്നും കണ്ടെത്താനാകാതെ പൊലിസ്. കള്ളനോട്ട് കേസില്‍ പിടിയിലായ അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലക്കേസിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിനു പിന്നില്‍ അനീഷിന് സഹായികളുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല.
കെട്ടിടത്തിന്റെ ഉള്‍വശം പൊളിക്കുന്ന നടപടികള്‍ ഇന്നലെ ആരംഭിച്ചു. ജാക്ക് ഹാമര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ തറ പൊളിക്കുന്നത്. 2008 നവംബര്‍ 25ന് വൈകുന്നേരം 4.30ന് മക്കളെ സ്‌കൂളില്‍ നിന്നു വീട്ടില്‍കൊണ്ടു വിട്ട ശേഷം സ്വന്തം കാറുമായി പുറത്തേക്കിറങ്ങിയ കാലായില്‍ മാത്യു പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഏറെ വൈകിയും കാണാതെ വന്നതോടെ നാട്ടുകാരും ബന്ധുക്കളും പൊലിസും നടത്തിയ തിരച്ചിലില്‍ പള്ളിക്കവലയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന്, കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ ഇദ്ദേഹം ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്.
കഴിഞ്ഞ നാലിന് മാത്യുവിന്റെ മൂത്തമകള്‍ നൈസിയെ കാണാനായി പിതാവിന്റെ സുഹൃത്തും കള്ളനോട്ടുകേസില്‍ പ്രതിയുമായിരുന്ന അനീഷിന്റെ പിതാവ് വീട്ടിലെത്തി. മാത്യുവിന്റെ തിരോധാനം കൊലപാതകമാണെന്ന് ഇയാളാണ് നൈസിയോട് വെളിപ്പെടുത്തിയത്. സമീപകാലത്ത് തലയോലപ്പറമ്പില്‍ കള്ളനോട്ടുകേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന അനീഷും ഇയാളുടെ പഴയകാലത്തെ ചില സുഹൃത്തുക്കള്‍ക്കും ബന്ധമുള്ളതായും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നൈസി തലയോലപ്പറമ്പ് പൊലിസില്‍ വീണ്ടും പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെന്നു സംശയിക്കുന്ന അനീഷിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. തന്റെ സ്ഥാപനത്തിലേക്ക് മാത്യുവിനെ വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി കടയുടെ പിന്നില്‍ കുഴിച്ചുമൂടിയതായാണ് അനീഷ് പൊലിസിനു നല്‍കിയ മൊഴി.
എന്നാല്‍, മൃതദേഹം കുഴിച്ചു മൂടിയ സ്ഥലത്ത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹുനില കെട്ടിടം വന്നു. ഇതോടെ മൃതദേഹം കെട്ടിടത്തിനടിയിലായി. അനീഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുത്തു. രാവിലെ ഏഴിനാണ് പരിശോധന ആരംഭിച്ചത്. എന്നാല്‍, എട്ടടിയോളം കുഴിച്ചുനോക്കിയിട്ടും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോട്ടയം എസ്.പി (ഇന്‍ ചാര്‍ജ്) സൈമണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജിനദേവന്‍, വിരലടയാള വിദഗ്ധരായ ശ്രീജ എസ് നായര്‍, ജാന്‍സി ജോര്‍ജ്, വൈക്കം സി.ഐ വി .എസ് നവാസ് എന്നിവരാണ് നടപടികള്‍ക്കു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."