ദേശീയ ഗാന വിവാദം: കമലിനെതിരേ പ്രതിഷേധിച്ച ബിജെപിക്കാര്‍ക്കെതിരേ കേസെടുക്കാതെ പൊലിസ്
കൊടുങ്ങല്ലൂര്‍: ദേശീയഗാന വിവാദത്തില്‍ സംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാതെ പൊലിസ് ഇഴയുന്നു. പൊതുവഴിയില്‍ ദേശീയഗാനം ആലപിക്കുന്നത് നിരോധിച്ചിട്ടില്ലെന്നു പറഞ്ഞാണ് കേസെടുക്കാതെ പൊലിസ് തലയൂരിയത്.
എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ദേശീയഗാനാലാപന വിവാദത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി രക്ഷാധികാരിയും കൂടിയായ സംവിധായകന്‍ കമല്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ദേശീയഗാനാലാപനം നടത്തിയത്.
ചന്തപ്പുരയില്‍നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കമലിന്റെ വീടിന്റെ പരിസരത്ത് പൊലിസ് തടഞ്ഞിരുന്നു. പ്രതിഷേധയോഗത്തെ തുടര്‍ന്ന് സമരക്കാര്‍ ദേശീയ ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
ദേശീയഗാനത്തിന് നേരെയുള്ള പരസ്യമായ അപമാനമാണെന്നു കാണിച്ചു റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരേ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ ഇനി മുതല്‍ അറസ്റ്റ് ചെയ്യില്ലെന്നു കമല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കമലിന്റെ വീടിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."