നിരാലംബര്‍ക്ക് തണലായി 'തണല്‍ വീട് ': ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: രോഗങ്ങള്‍ പിടിപെട്ടു കിടപ്പിലായവര്‍ക്കും ഓര്‍മ നഷ്ടപ്പെട്ടവര്‍ക്കും കണ്ണൂരില്‍ തണല്‍ വീടൊരുങ്ങി. പടന്നപ്പാലം സി.എച്ച് സെന്ററിലാണ് തണല്‍ വീടെന്ന പേരില്‍ ആശ്വാസ കേന്ദ്രം ഒരുങ്ങുന്നത്. കിടപ്പു രോഗികള്‍ക്കും അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവര്‍ക്കും ഇവിടെ സൗജന്യ ചികിത്സ ലഭിക്കും.
വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് തണല്‍ വീടൊരുങ്ങുന്നത്. ഉദ്ഘാടനം ഇന്നച്ചയ്ക്ക് രണ്ടിനു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.എം ഷാജി എം.എല്‍.എ, കലക്ടര്‍ മീര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഇബ്രാഹിം ഇളയട്ടില്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.വി ജയരാജന്‍, കെ സുരേന്ദ്രന്‍, പി കുഞ്ഞിമുഹമ്മദ്, അഡ്വ. സന്തോഷ് കുമാര്‍, എം.കെ വിനോദ്, ഡി കൃഷ്ണനാഥ പൈ, ഡോ. പി സലിം, ഡോ. പി വിജയന്‍, അബ്ദുല്‍ കരിം ചേലേരി, എം.എ റസാഖ്, സി.എച്ച് മുഹമ്മദ് അഷ്‌റഫ്, കെ.ടി ശശി സംസാരിക്കും.
കിടപ്പിലായ രോഗികള്‍ക്കു കിടത്തി ചികിത്സ നല്‍കി അവര്‍ക്ക് പ്രാഥമിക കാര്യങ്ങളെങ്കിലും ചെയ്യാന്‍ പറ്റുന്ന രീതിയില്‍ പ്രാപ്തരാക്കുക, അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്കായി ഒരു ദിവസം മുഴുവന്‍ തണല്‍ വീട്ടില്‍ ക്യാംപ് സംഘടിപ്പിക്കുക, വീട്ടില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് താമസിച്ച് ചികിത്സ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കണ്ണൂരില്‍ തണല്‍ വീട്ടില്‍ ഭാവിയില്‍ പൂര്‍ണമായു ഒരു ഡോക്ടറുടെ സേവനവും മരുന്നും ലാബ് സൗകര്യവും സൗജന്യമായി ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ തണല്‍ വീട് പ്രസിഡന്റ് ഇ.എം മുഹമ്മദ് ഷെരീഫ്, ദയ റീഹാബിലിറ്റേഷന്‍ ചെയര്‍മാന്‍ ഡോ. ബി ഇദിരിസ്, ജനറല്‍ സെക്രട്ടറി വി.വി മുനീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."