ഫാക്ടറിയില്‍ പുരാവസ്തു വകുപ്പ് പരിശോധന നടത്തി
കോഴിക്കോട്: കോഴിക്കോട്ടെ ചരിത്ര പ്രസിദ്ധമായ കോംട്രസ്റ്റ് വീവിങ് ഫാക്ടറിയെ പൈതൃക സ്വത്തായി സംരക്ഷിക്കുന്നതിനോടനുബന്ധിച്ച് പുരാവസ്തു വകുപ്പ് പരിശോധന നടത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശൂര്‍ ഓഫിസില്‍ നിന്നും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കോഴിക്കോട് ഓഫിസില്‍ നിന്നുമുള്ള ആറോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്.
രണ്ടു മണിക്കൂറോളം ഫാക്ടറിയില്‍ പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഭൂമാഫിയ കയ്യടക്കാന്‍ ശ്രമിക്കുന്ന കോംട്രസ്റ്റിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഏറെ നാളായി സമരം നടത്തി വരുന്നുണ്ട്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഫാക്ടറി 2009 ഫെബ്രുവരിയിലാണ് അടച്ചുപൂട്ടിയത്. 2010 ല്‍ എല്‍. ഡി. എഫ് സര്‍ക്കാര്‍ ഫാക്ടറി ഏറ്റെടുക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കി. എന്നാല്‍ ബില്ല് അവതരിപ്പിക്കുകയാണ് വേണ്ടതെന്നു പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അത് മടക്കി.
പിന്നീട് യു. ഡി. എഫ് കാലത്ത് തൊഴിലാളികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരമടക്കമുള്ള പോരാട്ടങ്ങള്‍ നടത്തിയതിന്റെ ഫലമായി 2012 ജൂലൈ 25ന് ബില്ലും പാസ്സാക്കി. പക്ഷെ നാലു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഓരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കല്‍ വൈകിപ്പിക്കുകയാണ്. അതിനിടെ ഫാക്ടറി ഉള്‍പ്പെട്ട സ്ഥലത്തിന്റെ നല്ലൊരു ഭാഗം പ്യുമിസ് പ്രൊജക്ട് ആന്റ് പ്രോപ്പര്‍ട്ടീസ് എന്ന സ്വകാര്യ കമ്പനിക്ക് വില്‍പ്പന നടത്തി. സ്ഥലം വാങ്ങിയ പ്യൂമീസ് കമ്പനിയുടെ ആളുകള്‍, ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോംട്രസ്റ്റിലെ ചുറ്റുമതില്‍ രാത്രിയില്‍ പൊളിച്ചുനീക്കി. പിറ്റേന്ന് തൊഴിലാളികള്‍ അത് പുനര്‍നിര്‍മിക്കുകയായിരുന്നു.
ഫാക്ടറിക്കകത്തെ തറികളും ഗ്രില്ലും പൊളിച്ചുനീക്കുകയായിരുന്നു കമ്പനി പിന്നീട് ചെയ്ത്. സാധനങ്ങള്‍ മുഴുവനായി പൊളിച്ചുനീക്കാനുള്ള ശ്രമം, തൊഴിലാളികളുടെ പ്രതിരോധത്തെ തുടര്‍ന്ന് വിഫലമാവുകയായിരുന്നു. കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കുന്നതിനായി ഏതാനും മാസം മുന്‍പാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നീക്കം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."