മികച്ച തുടക്കമിട്ട് ഇംഗ്ലണ്ട്
ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആശ്വാസ വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി.
മോയിന്‍ അലി പുറത്താകാതെ നേടിയ സെഞ്ച്വറി (120) യുടെയും ജോ റൂട്ടിന്റെ അര്‍ധ സെഞ്ച്വറി (88) യുടെയും മികവിലാണ് അവര്‍ ആദ്യ ദിനം തങ്ങളുടെ വരുതിയിലാക്കിയത്. കളി നിര്‍ത്തുമ്പോള്‍ അഞ്ചു റണ്‍സുമായി ബെന്‍ സ്റ്റോക്‌സാണ് അലിക്ക് കൂട്ടായി ക്രീസിലുള്ളത്. ഇന്നലെ വീണ നാലു ഇംഗ്ലീഷ് വിക്കറ്റുകളില്‍ മൂന്നും രവീന്ദ്ര ജഡേജ നേടി. ശേഷിച്ച ഒരു വിക്കറ്റ് പരുക്കു മാറി തിരിച്ചെത്തിയ ഇഷാന്ത് ശര്‍മ സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ പതറി. 21 റണ്‍സെടുക്കുമ്പോഴേക്കും അവരുടെ രണ്ട് ഓപണര്‍മാരും കൂടാരം കയറി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ കെന്റ് ജെന്നിങ്‌സ് വ്യക്തിഗത സ്‌കോര്‍ ഒന്നില്‍ നില്‍ക്കുമ്പോള്‍ ഇഷാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിനു പിടി നല്‍കി മടങ്ങി. സ്‌കോര്‍ 21 ല്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ കുക്കും മടങ്ങി. കുക്ക് പരമ്പരയില്‍ അഞ്ചാം തവണയും ജഡേജയ്ക്കു മുന്നില്‍ കീഴടങ്ങി. പത്തു റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാട്ടിയ അവരെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോ റൂട്ട്- മോയിന്‍ അലി സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 146 റണ്‍സ് കൂട്ടിച്ചേര്‍ത്തു പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. റൂട്ട് 88 റണ്‍സെടുത്തു നില്‍ക്കേ ജഡേജയുടെ പന്തില്‍ പാര്‍ഥിവ് പട്ടേല്‍ പിടിച്ചു പുറത്തായി. 144 പന്തുകളില്‍ പത്തു ഫോറുകളുടെ അകമ്പടിയോടെയാണ് റൂട്ട് 88 റണ്‍സെടുത്തത്. പിന്നീടെത്തിയ ബയര്‍സ്റ്റോയും അലിക്കു മികച്ച രീതിയില്‍ പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നു 86റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 49 റണ്‍സുമായി നിന്ന ബയര്‍സ്റ്റോയെ ജഡേജ കൂടാരം കയറ്റി. അതിനിടെ അലി സെഞ്ച്വറി കടന്നു. 222 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളുടെ അകമ്പടിയിലാണ് താരം ശതകം പിന്നിട്ടത്.
ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മയും ജയന്ത് യാദവിനു പകരം അമിത് മിശ്രയും ഇന്ത്യയുടെ അവസാന ഇലവനില്‍ ഇടം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."