ഫ്ളാറ്റ് തട്ടിപ്പ്: നടി ധന്യാമേരി വര്‍ഗീസും ഭര്‍ത്താവും അറസ്റ്റില്‍
തിരുവനന്തപുരം: നൂറുകോടി രൂപയുടെ ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ ചലച്ചിത്ര നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബും ജോണിന്റെ സഹോദരന് സാമുവല്‍ ജേക്കബും അറസ്റ്റില്‍.
2011 മുതല്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റുകളും വില്ലകളും നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞു ആളുകളില്‍നിന്നും നൂറുകോടിയോളം രൂപയും അമിത പലിശ നല്‍കാമെന്നു വാഗ്ദാനം നല്കി നിക്ഷേപകരില്‍നിന്നും മുപ്പതുകോടിയോളം രൂപയും വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. ജോണ്‍ ജേക്കബ് സാംസണ് ആന്റ് സണ്‍സ് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവ് ജോണ്‍ ജേക്കബ്.
ഡയറക്ടറാണ് സാമുവല്‍ ജേക്കബ്. മാര്‍ക്കറ്റിങ് ഡയറക്ടറായ ധന്യാ മേരി വര്‍ഗീസിന്റെ താരപരിവേഷം പ്രയോജനപ്പെടുത്തി നിക്ഷേപകരില്‍നിന്നും പണം സ്വീകരിച്ചിരുന്നതായും പൊലിസ് വ്യക്തമാക്കി.
തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായ ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്മെന്റ്, നോവ കാസ്റ്റില്‍, മെരിലാന്റ്, ഗ്രീന്‍കോര്‍ട്ട് യാര്‍ഡ്, ഏഞ്ചല്‍വുഡ് എന്നീ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ളാറ്റുകളും ഇരുന്നൂറോളം വില്ലകളും രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നു പൊലിസ് വ്യക്തമാക്കി.
ഫ്ളാറ്റുകള്‍ക്കു പണം കൊടുത്ത പലരും വിദേശത്തായതിനാല്‍ അവരുടെ പരാതികള്‍കൂടി വരുമ്പോള്‍ തട്ടിപ്പിന്റെ തോത് ഉയരുമെന്ന് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എസ് സന്തോഷ് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ ജേക്കബ് സാംസനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഫ്ളാറ്റ് തട്ടിപ്പാണിത്.
തിരുവനന്തപുരം കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലിസ് സ്റ്റേഷനുകളിലായി പ്രതികള്‍ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ക്രൈംഡിറ്റാച്ച്മെന്റ് വിഭാഗമാണ് കേസുകള്‍ അന്വേഷിക്കുന്നത്.
ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ പല സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ നാഗര്‍കോവിലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."