കോട്ടയത്ത് പോളിയില്‍ റാഗിങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകര്‍ന്നു
തൃശൂര്‍: കോട്ടയം നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ റാഗിങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകര്‍ന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഊടന്‍ വീട്ടില്‍ അവിനാശാണ് കോളജ് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരപീഡനത്തിന് ഇരയായത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. അവിനാശിനെ നഗ്‌നനാക്കിയ ശേഷം ഏറെ നേരം കഠിനമായ വ്യായാമ മുറകള്‍ ചെയ്യിക്കുകയായിരുന്നു. അമിതമായ അളവില്‍ വെളുത്ത പൊടി കലക്കിയ വിഷമദ്യം കുടിപ്പിക്കുകയും നിര്‍ബന്ധിപ്പിച്ച് ഡാന്‍സ് ചെയ്യിക്കുകയും പാട്ട് പാടിപ്പിക്കുകയും ചെയ്തുവെന്നും അവിനാശ് പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ അവിനാശ് ഭയംമൂലം ആദ്യം വീട്ടില്‍ പറഞ്ഞിരുന്നില്ല. ശാരീരികമായും മാനസികമായും തളര്‍ന്ന അവിനാശിനോട് വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് തൃശൂരിലെ മദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് അവിനാശിന്റെ വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്. വിഷാംശം കലര്‍ന്ന മദ്യംകുടിച്ചതുകൊണ്ടാണ് വൃക്കകള്‍ തകര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്ക തകരാറിലായതോടെ അവിനാശിനെ മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഒരു വിദ്യാര്‍ഥിയുള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവിനാശിന്റെ പിതാവ് കോട്ടയം പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."