' വീട്ടില്‍ ഒരു അടുക്കള തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
ചാവക്കാട്: പാലയൂര്‍ ജൈവ കര്‍ഷക സംഘവും പാലയൂര്‍ എന്‍.ആര്‍.ഐ ഫോറവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ' വീട്ടില്‍ ഒരു അടുക്കള തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് കൃഷി മന്ത്രി വി.എസ് സുനികുമാര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് നഗരസഭയിലെ 11 ,12 ,13 ,14 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ പാലയൂര്‍ മേഖല കേന്ദ്രീകരിച്ചാണ് തുടക്കം. തുടര്‍ന്ന് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും.
കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മികച്ച കര്‍ഷകന് അവാര്‍ഡ്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കു സഹായം എന്നിവയടക്കം വിവിധ കര്‍മപരിപാടികളും നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ശാസ്ത്രീയമായ മണ്ണ് സംരക്ഷണ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കണമെന്നും എന്നാല്‍ മാത്രമേ സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നും ഭാരവാഹികള്‍ പറഞ്ഞു. തുടക്കത്തില്‍ ആയിരത്തിലധികം വീടുകളില്‍ അടുക്കളത്തോട്ടം ഉണ്ടാക്കും. പാലയൂര്‍ സിലോണ്‍ നഗറില്‍ നടക്കുന്ന ചടങ്ങില്‍ കെ.വി അബ്ദുള്‍കാദര്‍ അധ്യക്ഷനാക്കും.
ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ലോഗോ പ്രകാശനം ചെയ്യും. കേരളാ അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി റിട്ട.പ്രൊഫ. യു ദിവാകരന്‍ ജൈവ കൃഷിയെ കുറിച്ച് ക്ലാസെടുക്കും. മാതൃകാ ജൈവകര്‍ഷകരെ ആദരിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. പാലയൂര്‍ എന്‍.ആര്‍.ഐ ഫോറം പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, ജൈവ കര്‍ഷക സംഘം രക്ഷാധികാരി എ.വി ഉമ്മര്‍, മറ്റു ഭാരവാഹികളായ പി.പി അബ്ദുല്‍സലാം, സി.എം മുജീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."