അമ്പലമുക്കില്‍ തെരുവ്‌നായ ആക്രമണം; എട്ടുപേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി
കുടപ്പനക്കുന്ന്: അമ്പലമുക്ക് ജംഗ്ഷനു സമീപം തെരുവുനായയുടെ കടിയേറ്റ് എട്ടുപേര്‍ ചികിത്സ തേടി. അമ്പലമുക്ക്, പേരൂര്‍ക്കട, മണ്ണന്തല ഭാഗങ്ങളിലുള്ളവരാണ് ചികിത്സ തേടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരം നഗരസഭയിലെ ക്ലര്‍ക്കും അമ്പലമുക്ക് സ്വദേശിയുമായ സന്ധ്യ, ഇതേസ്ഥലത്തു താമസിക്കുന്ന നളിനി, അശ്വതി, രേണു, വേണു, പേരൂര്‍ക്കട സ്വദേശികളായ മിത്രന്‍, വിജേഷ്, മണ്ണന്തല സ്വദേശി വിപിന്‍ എന്നിവര്‍ക്കാണ് ജംഗ്ഷനില്‍വച്ച് ഒരേ നായയുടെ കടിയേറ്റത്. കടിയേറ്റവരെല്ലാം രാവിലെ ജംഗ്ഷന്‍വഴി കടന്നുപോയവരായിരുന്നു.
ജോലിക്കു പോകുകയായിരുന്ന സന്ധ്യക്കുനേരേയാണ് ആദ്യം നായ ചാടിവീണത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവാണ് നായയെ വളരെ പണിപ്പെട്ട് അകറ്റിയത്. അല്‍പ്പസമയത്തിനകം ഇതുവഴി വരികയായിരുന്ന നളിനിക്കും രേണുവിനും അശ്വതിക്കും തെരുവുനായയുടെ കടിയേറ്റു. ഇവരെ രക്ഷിക്കാനെത്തിയതായിരുന്നു വേണു. വേണുവിനും കടിയേറ്റു.
ജംഗ്ഷനിലൂടെ കടന്നുപോയ മിത്രന്‍, വിജേഷ് എന്നിവരെയും ഇതേ നായ തന്നെ ആക്രമിച്ചു. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നു വിപിനുനേരേ തെരുവുനായ ചാടിവീണു. സൈക്കിളില്‍നിന്നു ബാലന്‍സ് തെറ്റി വീണാണ് ഇയാള്‍ക്കു പരുക്കേറ്റത്. പ്രദേശത്ത് പ്രധാന റോഡില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."