ദേശീയ വികാരം തീവ്രവാദമാകുമ്പോള്‍
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നൂറുകണക്കിനു നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലല്ലാത്ത നാട്ടുരാജ്യങ്ങളുടെ എണ്ണം 560 ലേറെയുണ്ടായിരുന്നെന്നാണു കണക്ക്. ബ്രിട്ടീഷുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിക്കുന്നതിനുമുന്‍പ് ആയിരത്തിലുമേറെ ഉണ്ടായിരുന്നിരിക്കണം. ഈ നാട്ടുരാജ്യങ്ങള്‍ക്ക് അകത്ത് അനേകായിരം ദേശവാഴികളും ഗ്രാമമുഖ്യന്മാരുമുണ്ടായിരുന്നു.
ഓരോ നാട്ടുരാജ്യവും സ്വതന്ത്രമായ ഭരണപ്രദേശങ്ങളായിരുന്നു. നാട്ടുരാജ്യങ്ങള്‍ തമ്മില്‍ ചെറിയചെറിയ കാരണങ്ങള്‍ക്കുപോലും പോരാട്ടവുമുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും ഒരു നാട്ടുരാജ്യത്തിനും മനുഷ്യനിര്‍മിതമായ അതിര്‍ത്തികളുണ്ടായിരുന്നില്ല. ഇന്ന പുഴയ്ക്കപ്പുറം ഇന്ന രാജ്യം എന്ന മട്ടില്‍ പ്രകൃതിദത്തമായ അതിര്‍ത്തികളെയാണ് ആശ്രയിച്ചിരുന്നുത്. ഈ സാങ്കല്‍പിക അതിര്‍ത്തികള്‍ നികുതി ഈടാക്കല്‍പോലുള്ള ഭരണപരമായ സൗകര്യങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നു.
നാട്ടുകാരുടെ ജീവിതത്തില്‍ ഈ രാജ്യാതിര്‍ത്തികള്‍ ഒരു തരത്തിലുള്ള അതിര്‍വരമ്പും സൃഷ്ടിച്ചിരുന്നില്ല. ആര്‍ക്കും ഏതു നാട്ടിലും പോയി തൊഴിലെടുക്കുകയോ ജീവിക്കുകയോ ചെയ്യാമായിരുന്നു. അവിടെ ചോദ്യം ചെയ്യലും പൗരത്വരേഖ ആവശ്യപ്പെടലും അടിച്ചോടിക്കലുമുണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ക്കായിരുന്നു അക്കാലത്ത് സാധാരണക്കാരന്റെ ജീവിതത്തില്‍ മുഖ്യസ്ഥാനം. രാജാക്കന്മാരുടെയും ദേശവാഴികളുടെയും അധികാരമത്സരത്തിന്റെ ഭാഗമായുണ്ടാകുന്ന യുദ്ധങ്ങളും പടയോട്ടങ്ങളും അവരെ ബാധിച്ചിരുന്നതേയില്ല.
എന്നിട്ടും ഇവിടെ ഒരു തരത്തിലുള്ള ദേശീയബോധം നിലനിന്നിരുന്നു. അത് ഏതെങ്കിലും മതത്തിന്റെയോ ഭാഷയുടെയോ ജാതിയുടെയോ രാഷ്ട്രീയവികാരത്തിന്റെയോ വികാരമായിരുന്നില്ല. നാനാത്വത്തില്‍ ഏകത്വമെന്നു നാം പ്രകീര്‍ത്തിക്കുന്ന, എല്ലാം ഉള്‍ക്കൊള്ളുകയും മറ്റുള്ളവന്റെ സ്വകാര്യതയെ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുകയെന്ന സാംസ്‌കാരികബോധമാണ് അതിനു കാരണം.
1887 ല്‍ 'ഇന്ത്യ'യെന്ന ഗ്രന്ഥം രചിച്ച ജോണ്‍ സ്ട്രാച്ചിയെപ്പോലുള്ള ബ്രിട്ടീഷുകാര്‍ ''ഇന്ത്യയോ... അങ്ങനെയൊന്ന് ഇല്ലല്ലോ..!'' എന്ന് ആശ്ചര്യപ്പെട്ടപ്പോഴും ഇന്ത്യയെന്ന സങ്കല്‍പം നിലനിന്നത് അതിരുവിട്ട ദേശീയബോധത്തിന്റെ പേരിലായിരുന്നില്ല, മറ്റെങ്ങും കാണാത്ത നാനാത്വത്തിലെ ഏകത്വമെന്ന ചിന്ത അവരുടെ മനസിന്റെ അടിത്തട്ടിലുണ്ടായിരുന്നതിനാലാണ്. അതുകൊണ്ടാണു ഗാന്ധിജിയെപ്പോലൊരാള്‍ ഇവിടെ ജനിച്ചതും അദ്ദേഹത്തിന്റെ പിന്നില്‍ ബ്രിട്ടീഷ് ഇന്ത്യയിലുള്ളവരും നാട്ടുരാജ്യങ്ങളിലുള്ളവരും അണിനിരന്നതും. ജയിലിലെപ്പോലെ മനുഷ്യാവകാശങ്ങളെല്ലാം നിയന്ത്രിക്കുന്ന കേന്ദ്രീകൃതസര്‍വാധിപത്യത്തിനെതിരായ പോരാട്ടമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.
മറ്റു പലര്‍ക്കും പല താല്‍പര്യങ്ങളുമുണ്ടായിരുന്നിരിക്കാമെങ്കിലും ഗാന്ധിജിയുടെ മനസിലെ സ്വാതന്ത്ര്യസങ്കല്‍പം വെളുത്തതൊലിയുള്ള ഏകാധിപതികളുടെ ഭരണത്തില്‍നിന്ന് തവിട്ടുനിറമുള്ളതോ കറുത്തതോ ആയ തൊലിയുള്ള സര്‍വാധിപതികളുടെ ഭരണത്തിലേയ്ക്കുള്ള അധികാരകൈമാറ്റമായിരുന്നില്ല. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മനുഷ്യമനസില്‍ അതിരുസൃഷ്ടിക്കാത്ത, ചരിത്രകാലം മുതല്‍ ഇവിടെ നിലനിന്നതിന്റെ പരിഷ്‌കൃതരൂപമായ ഗ്രാമകേന്ദ്രീകൃത ഭരണവ്യവസ്ഥ (ഗ്രാമസ്വരാജ്) സ്ഥാപിക്കപ്പെടണമെന്നാണ് ഗാന്ധി ആഗ്രഹിച്ചത്. എന്നാല്‍, അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ അതു സമര്‍ഥമായി അട്ടിമറിക്കപ്പെട്ടു.
'ഭാരതമെന്ന പേര്‍ കേട്ടാലഭിമാപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍'
എന്നു തുടങ്ങിയ ദേശാഭിമാനം ജ്വലിപ്പിക്കുന്ന ഈരടികള്‍ സ്വാതന്ത്ര്യസമരകാലത്തു പ്രസക്തമായിരുന്നു. പോരാട്ടവേദികളില്‍ സമരഭടന്മാരുടെ ചോരതിളപ്പിക്കാന്‍ ഇത്തരം പാട്ടുകളും മുദ്രാവാക്യങ്ങളും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ലോകമെങ്ങും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം അതിരുകവിഞ്ഞ ദേശീയവും ഉപദേശീയവുമായ വികാരപ്രകടനങ്ങള്‍ സമാധാനകാലത്തു ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കുക. അതിരുകവിഞ്ഞ ഇന്ത്യന്‍ ദേശീയവാദികള്‍ക്കു പാകിസ്താനും പാക്‌ദേശീയവാദികള്‍ക്ക് ഇന്ത്യയും ശത്രുവായി നില്‍ക്കുന്നത് അതുകൊണ്ടാണ്.
ആരംഭകാലം മുതല്‍ തടസ്സങ്ങളില്ലാതെ സ്വച്ഛമായി ഒഴുകിയിരുന്ന സിന്ധു, ഝലം, രവി, ബിയാസ് നദികളിലെ ഒഴുക്കു തടഞ്ഞതിന്റെ പേരില്‍ പാകിസ്ഥാനും ഇന്ത്യയും സ്വാതന്ത്ര്യാനന്തരം വടംവലി നടത്തിയത് ദേശീയബോധം തീവ്രവാദമായതിന്റെ പേരിലാണ്. മുല്ലപ്പെരിയാറിലെ വെള്ളം പങ്കിടുന്നതിന്റെ പേരില്‍ പതിറ്റാണ്ടുകളായി തമിഴ്‌നാടും കേരളവും പരസ്പരം കള്ളപ്രചാരണങ്ങള്‍ നടത്തി പോരടിക്കുന്നത് അതിരുകവിഞ്ഞ ഉപദേശീയതയാല്‍ 'ചോരതിളയ്ക്കുന്ന'തിന്റെ പേരിലാണ്.
'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന മഹദ്‌സന്ദേശം പിറവിയെടുത്ത നാടാണിത്. ആ ശ്ലോകത്തിന്റെ ആദ്യത്തെ മൂന്നു വരികളെക്കുറിച്ച് ഇക്കാലത്തു പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട് എന്നതു മറക്കുന്നില്ല. രാജാവിനെയും പശുവിനെയും ബ്രാഹ്മണനെയും പ്രകീര്‍ത്തിക്കുന്ന ആ ശ്ലോകം പിന്തിരിപ്പനാണെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, ആ വരികളിലെ സാരാംശം തിരിച്ചറിയാതിരിക്കരുത്.
ന്യായമായ മാര്‍ഗത്തില്‍ പ്രജകളെ പരിപാലിക്കുന്ന ഭരണാധികാരിക്കാണ് ഈ ശ്ലോകത്തില്‍ ക്ഷേമം നേരുന്നത്. പശു അക്കാലത്ത് സമ്പത്തിന്റെ സ്രോതസ്സായിരുന്നു. അക്കാലത്തെ, അറിവിന്റെ അധികാരികളെന്ന നിലയിലാണു ബ്രാഹ്മണനു സൗഖ്യം നേരുന്നത്. ഇന്നത്തെ കാലത്ത് അറിവിന്റെ അധികാരികളും സമ്പത്തിന്റെ സ്രോതസ്സുമെല്ലാം മാറിയിരിക്കെ ആ വരികള്‍ മറക്കാം. എന്നാലും അവസാന വരി ശ്രദ്ധിക്കേണ്ടതു തന്നെയാണ്.
തന്റെ കുടുംബത്തിലും ദേശത്തിലും രാജ്യത്തിലുമുള്ളവര്‍ക്കു മാത്രം സുഖമുണ്ടാവട്ടെയെന്നല്ല ലോകത്തെ സമസ്ത ചരാചരങ്ങള്‍ക്കും സുഖമുണ്ടാവട്ടെ എന്നാണ് ആ മഹദ്‌വാക്യം ആഗ്രഹിക്കുന്നത്. ഭാരതത്തിന്റെ പൈതൃകത്തിന്റെയും ദേശീയബോധത്തിന്റെയും ദേശീയപതാകയുടെയും പേരില്‍ ഉറഞ്ഞുതുള്ളുന്നവര്‍ മനസിന്റെ ഭിത്തിയില്‍ ഒരിക്കലും മായാത്തവിധം കൊത്തിവയ്‌ക്കേണ്ടത് ആ വാക്യമാണ്.
കേരളീയരും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജനിച്ചവരുമായ എത്ര ലക്ഷം പേരാണ് അന്യരാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നതെന്ന സത്യം തിരിച്ചറിയുക. നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥപോലും ആശ്രയിച്ചു നില്‍ക്കുന്നത് പ്രവാസി ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിന്റെ ബലത്തിലാണ്. അതിരുകവിഞ്ഞ മണ്ണിന്റെ മക്കള്‍വാദം മറ്റുള്ളവരും ഉയര്‍ത്തിയാല്‍ തിരിച്ചടി നമുക്കു തന്നെയായിരിക്കും. അതുകൊണ്ടു നമുക്കു ദേശീയപതാകയുടെയും ദേശീയഗാനത്തിന്റെയും പേരില്‍ അതിതീവ്രവാദം നടത്താതിരിക്കാം. രാജ്യാഭിമാനവും ദേശാഭിമാനവും തീര്‍ച്ചയായും നല്ലതുതന്നെ. അതിനപ്പുറം 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന് ആത്മാര്‍ഥമായി പറയാനുള്ള മനസിന്റെ വിശാലത നാം ആര്‍ജിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."