ഇന്ന് ലോക അറബി ഭാഷാദിനം: 300ഓളം അറബി അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
പാലക്കാട്: പതിനായിരങ്ങള്‍ യോഗ്യരായി ഉണ്ടായിട്ടും സംസ്ഥാനത്ത് സംവരണ പാക്കേജിലെ അപാകതകള്‍ മൂലം മുന്നൂറോളം അറബി അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. സംവരണ സമുദായങ്ങളില്‍നിന്ന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്ലാത്തതാണ് ഇത്തരത്തില്‍ നിയമനം മുടങ്ങി കിടക്കാന്‍ കാരണം.
ഇതിനാല്‍ ഈ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിലെ മറ്റു സമുദായങ്ങളില്‍പെട്ടവരുടെ അവസരങ്ങള്‍കൂടി നഷ്ടപ്പെടുകയും അറബിക് തസ്തികതന്നെ ഇല്ലാതാവുകയും ചെയ്യുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ അറബി അധ്യാപകര്‍. സംസ്ഥാനത്ത് 14 ജില്ലകളിലായി 6 കോളജ് ലക്ചറര്‍ ഉള്‍പ്പടെ 275ഓളം അറബിക് അധ്യാപകരുടെ ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഒഴിവുകളില്‍ അഞ്ചിലേറെ തവണ വിജ്ഞാപനം ഇറക്കിയിട്ടും അപേക്ഷിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന വ്യവസ്ഥകളനുസരിച്ച് ഇത്തരം ഒഴിവുകള്‍ ഉപയോഗപ്പെടുത്തിയിരുന്ന മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ അവസരവും ഇതോടെ പകുതിയായി കുറഞ്ഞിരിക്കുകയാണ്.
അറബി തസ്തികകള്‍ക്കുപുറമെ ഉറുദു അധ്യാപകരുടെ 21 ഒഴിവുകളുമുണ്ട്. പിന്നോക്ക സമുദായക്കാരുടെ സംവരണ നഷ്ടം നികത്താനായി 2006ല്‍ നരേന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിനു പകരം സര്‍ക്കാര്‍ നടപ്പിലാക്കിയ പാക്കേജിലെ അപാകതയാണ് സംസ്ഥാനത്ത് ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നത്.
മറ്റുള്ള ഭാഷാധ്യാപകരുടെ ഒഴിവുകളടക്കം സംസ്ഥാനത്തെ 963ഓളം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. എന്നാല്‍ അറബി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിലൂടെ അധ്യാപകരില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കുറയുന്നതിലൂടെ ക്രമേണ തസ്തികതന്നെ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് അറബി അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."