നാട്ടകം പോളിടെക്‌നിക്കിലെ റാഗിങ്: അറസ്റ്റ് ഇന്നുണ്ടായേക്കും
കോട്ടയം: നാടകം ഗവ.പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ പോളിടെക്‌നിക്കിലും സംഭവം നടന്ന ഹോസ്റ്റലിലും പരിശോധന നടത്തിയ പൊലിസ് സംഘം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. കോളജ് തലത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടും അധികൃതര്‍ പൊലിസിനു കൈമാറിയിട്ടുണ്ട്. ചങ്ങനാശേരി സിഐ ബിനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനു വിധേയരായതായി പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇ0രിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി.ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതികളായ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് റാഗിങ്ങിനു വിധേയരായ രണ്ടു പേരും. ഇരുവരെയും നഗ്‌നരായി ക്രൂരമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും, മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഇതേ തുടര്‍ന്നു ആരോപണ വിധേയരായി വിദ്യാര്‍ഥികള്‍ക്കെതിരെ പട്ടികജാതി നിരോധന നിയമപ്രകാരവും, റാഗിങ് നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്നലെ പോളിടെക്‌നിക് കോളജില്‍ എത്തിയ പൊലീസ് സംഘം പ്രിന്‍സിപ്പല്‍ സി.ജി അനിതയില്‍ നിന്നു മൊഴിയെടുത്തു. രണ്ടു സംഭവങ്ങളിലും കോളജില്‍ ആദ്യം പരാതി ലഭിച്ചില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മാത്രമാണ് റാഗിങ് സംബന്ധിച്ചു കോളജ് അധികൃതര്‍ക്കു വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നു കോളജ് തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പ്രിന്‍സിപ്പല്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇന്നലെ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടന്നു. കോളജ് പ്രിന്‍സിപ്പലിന്റെ ചേംബറിനു മുന്‍പിലെത്തിയ പ്രതിഷേധക്കാരെ പൊലിസ് നീക്കം ചെയ്തു. റാഗ് ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ഡിസംബര്‍ രണ്ടിനു രാത്രി ഒന്‍പതര മുതല്‍ പുലര്‍ച്ചെ മൂന്നു മണിവരെ പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ റാഗിങ് നടന്നതായാണ് വിദ്യാര്‍ഥികള്‍ പൊലിസിനു മൊഴി നല്‍കിയിരിക്കുന്നത്. പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി നൂറു വീതം പുഷ്അപ്പും, സിറ്റപ്പും എടുപ്പിക്കുകയും, തറയില്‍കിടത്തി നീന്തിക്കുകയും, ഒറ്റക്കാലില്‍ നിര്‍ത്തുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. റാഗിങ്ങിനെ തുടര്‍ന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് അവിനാഷും, ഷൈജുവും പിറ്റേന്ന് വീട്ടിലേയ്ക്കു പോയത്. അടുത്ത ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അവിനാഷ് ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് വൃക്കയ്ക്കു തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്നു ഏഴാം തീയതി വൈകുന്നേരത്തോടെ അവിനാഷിനെ അടിയന്തര ഡയാലിസിസിനു വിധേയനാക്കി. ഇതുവരെ മൂന്നു തവണയാണ് ഡയാലിസിസ് നടത്തിയത്. അമിതമായി വ്യായാമം ചെയ്തതിനൊപ്പം മദ്യം കഴിപ്പിച്ചതാണ് അവിനാഷിന്റെ വൃക്കകളെ ബാധിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."