ധര്‍മടം കള്ളവോട്ട്: ഇനി തീരുമാനിക്കേണ്ടത് ഇലക്ഷന് കമ്മിഷന്
വിതുല്‍ കൃഷ്ണന്
കണ്ണൂര്‍: ധര്‍മടം നിയോജക മണ്ഡലത്തില്‍ വ്യാപക കള്ളവോട്ടു നടന്നുവെന്ന യു.ഡി.എഫിന്റെ പരാതിയില്‍ ഇനി നടപടിയെടുക്കേണ്ടത് ഇലക്ഷന് കമ്മിഷന്. ധര്‍മടം യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ബൂത്ത് ഏജന്റ് മുഖേന നല്കിയ പരാതി സംസ്ഥാന ചീഫ് ഇലക്ഷന് കമ്മിഷനു മുന്നിലാണുള്ളത്. കമ്മിഷന് തീരുമാനിക്കുന്ന രീതിയിലായിരിക്കും ഇനി കള്ളവോട്ടു കേസിന്റെ തുടര്‍നടപടികള്‍. കമ്മിഷനു ലഭിച്ച പരാതിയില്‍ കോടതിയെ സമീപിക്കാനോ അല്ലെങ്കില്‍ പരാതിക്കാര്‍ക്ക് നേരിട്ട് കോടതിയില്‍ ഹരജി നല്‍കുകയോ ചെയ്യാം. ഇലക്ഷന് സംബന്ധിച്ച കേസായതിനാല്‍ നേരിട്ട് ഹൈക്കോടതിയിലായിരിക്കും കേസ് പരിഗണിക്കുന്നത്.
വാര്‍ത്താചാനലുകളിലൂടെ പുറത്തുവന്ന ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്കിയെന്നതിനാല് ഇലക്ഷന് കമ്മിഷന് കള്ളവോട്ടുകേസില് കര്‍ശന നടപടിയെടുക്കാതിരിക്കാനാവില്ല. നിലവില്‍ കതിരൂര്‍ പൊലിസ് സ്റ്റേഷനിലും കള്ളവോട്ടു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്്. പിണറായി പഞ്ചായത്തില്‍ മാത്രം 5000 ഓപ്പണ്‍ വോട്ടുകള്ഉള്പ്പെടെ മണ്ഡലത്തില്‍ 22000 കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നാണ് യു.ഡി.എഫ് ധര്‍മടം മണ്ഡലം കമ്മിറ്റി ആരോപിച്ചിട്ടുള്ളത്.
സി.പി.എം വനിതാ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ 21 പേരുടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസ് നേരിട്ട് ഹൈക്കോടതിയിലെത്തുമെന്നത് ഉറപ്പായതിനാല്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് മത്സരിച്ച് വിജയിച്ച മണ്ഡലത്തിലെ കള്ളവോട്ടു കേസിനെ കോടതിയില്‍ ശക്തമായി പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് സി.പി.എം. ധര്‍മടത്തെ കള്ളവോട്ട് വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ ദൃശ്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കെ.കെ രാഗേഷ് എം.പി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ധര്‍മടം കള്ളവോട്ടു കേസില്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയതോടെ ധര്‍മടം കള്ളവോട്ടു കേസ് രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."