ഡി.സി.സി പുനസംഘടന: ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ടാകില്ലെന്ന്
കൊച്ചി: ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനം പൊതുസ്വീകാര്യമാണെന്നും ഉമ്മന്‍ചാണ്ടിയടക്കം ആര്‍ക്കും ഇക്കാര്യത്തില്‍ പരാതിയുണ്ടാകാനിടയില്ലെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തില്‍ സംഘടനാതലങ്ങളില്‍ പുനസംഘടനയുടെ അടുത്തഘട്ടം ആരംഭിക്കും. എറണാകുളത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 200ല്‍ അധികം നേതാക്കളെ നേരിട്ടു കണ്ടു ചര്‍ച്ച നടത്തിയ ശേഷമാണു രാഹുല്‍ ഗാന്ധി ജില്ലാ അധ്യക്ഷന്മാരെ കണ്ടെത്തിയത്. എല്ലാ മുതിര്‍ന്ന നേതാക്കളേയും കാണുകയും അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി പറഞ്ഞവരേയും അധ്യക്ഷന്മാരാക്കി. താന്‍ 14 ജില്ലകളിലേക്കും പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചിലത് സ്വീകരിച്ചു. ചില പേരുകള്‍ തള്ളി. ഗ്രൂപ്പ് വീതം വെപ്പല്ല ഹൈക്കമാന്‍ഡ് ഈ നിയമനത്തിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി നേതാക്കളില്‍ പലരും ഡി.സി.സി അധ്യക്ഷരാകാന്‍ അര്‍ഹരുണ്ടെങ്കിലും ഐ.എന്‍.ടി.യു.സിക്ക് പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ല. പട്ടികവര്‍ഗത്തില്‍ നിന്നു പോലും ഒരാളെ അധ്യക്ഷസ്ഥാനത്തെത്തിച്ചു എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കുകയായിരുന്നു ഹൈക്കമാന്‍ഡ് ചെയ്തതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."