ഒച്ചിഴയും ഇതിലും വേഗത്തില്‍ !
അരീക്കോട്: ഒരുവര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച കാവനൂര്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിഴയും വേഗത. 2014ല്‍ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫാണ് പഞ്ചായത്തിലെ കുടിവെള്ള പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പേരിന് പോലും പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കിളിക്കല്ലിങ്ങല്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് പരിസരത്ത് ടാങ്കിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യാന്‍ ഒരു പൈപ്പ് പോലും സ്ഥാപിച്ചിട്ടില്ല.
165 കിലോമീറ്റര്‍ ദൂര പരിധിയില്‍ കാവനൂര്‍ പഞ്ചായത്തിലെ എല്ലാ ഊടുവഴികളിലും വെള്ളമെത്തിക്കുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏറനാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ കാവനൂര്‍ ആവശ്യപ്പെട്ടത് കുടിവെള്ള പദ്ധതിയായിരുന്നു. എന്നാല്‍ മറ്റു പഞ്ചായത്തുകള്‍ക്ക് പ്രഖ്യാപിച്ച പാലങ്ങള്‍ അടക്കമുള്ള പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടും കാവനൂരിലെ കുടിവെള്ള പദ്ധതിക്ക് ഇതുവരെ ജീവന് വെച്ചിട്ടില്ല.
ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡരികില്‍ പൈപ്പുകള്‍ കൂട്ടിയിട്ടത് മാത്രമാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നടന്നിട്ടുള്ളത്. റോഡ് കീറി മുറിച്ച് പൈപ്പുകള്‍ സ്ഥാപിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണം. പദ്ധതി പ്രഖ്യാപിച്ച് രണ്ട് വര്‍ഷമാവുമ്പോഴും ഈ അനുമതി പോലും വാട്ടര്‍ അതോറിറ്റി നേടിയിട്ടില്ല. 165 കിലോമീറ്റര്‍ ദൂര പരിധിയില്‍ നടപ്പാക്കേണ്ട പദ്ധതി ആദ്യ ഘട്ടത്തില്‍ 22 കിലോമീറ്ററില്‍ മാത്രമാണ് നടപ്പാക്കുക. നിലവിലെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ 17 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വേനലില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായി അനുഭവപ്പെട്ട പഞ്ചായത്തുകളിലൊന്നാണ് കാവനൂര്‍. ഈ വേനലിന് മുന്‍പായി വെള്ളമെത്തിക്കാനാവുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഇനിയും രണ്ട് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും കാവനൂരില്‍ വെള്ളമെത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."