സ്വകാര്യബസുകള്‍ ഇന്നലെ ഓടിയത് കാരുണ്യവഴിയില്‍
വടക്കാഞ്ചേരി: തൃശൂര്‍ തിരുവില്വാമല റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇന്നലെ സര്‍വിസ് നടത്തിയത് മഹത്തായൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി. കണ്ടക്ടര്‍ ഇല്ലാത്ത, ടിക്കറ്റ് നല്‍കാന്‍ ആരുമില്ലാത്ത ആ യാത്ര മരണമടഞ്ഞ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് സാന്ത്വനമേകുന്നതിന് വേണ്ടിയായിരുന്നു.
തൃശൂര്‍ ചേലക്കര, മായന്നൂര്‍, തിരുവില്വാമല, എളനാട് റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന മുപ്പതിലധികം ബസുകളാണ് സൗജന്യയാത്ര നടത്തിയത്. ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും ചേലക്കര മേഖല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് കാരുണ്യയാത്രക്കായി ബസുകളെ നിരത്തിലിറക്കിയത്.
ബസില്‍ പ്രത്യേകം തയാറാക്കിയ ബക്കറ്റില്‍ യാത്രക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ അവസരമൊരുക്കിയിരുന്നു.പിരിഞ്ഞ് കിട്ടിയ മുഴുവന്‍ തുകയും ഇബ്രാഹീമിന്റെ കുടുംബത്തിന് നല്‍കും. തൃശൂര്‍ തിരുവില്വാമല റൂട്ടില്‍ സര്‍വിസ് നടത്തുന്ന വട്ടപറമ്പില്‍ ബസിലെ ഡ്രൈവറായിരുന്നു ചേലക്കര നാട്യന്‍ചിറ സ്വദേശിയായ ഇബ്രാഹീം. ബസ് ഓടിച്ച് കൊണ്ടിരിക്കെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന കാരുണ്യയാത്രയുടെ ഉദ്ഘാടനം ജോയിന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ നിര്‍വഹിച്ചു. കെ.ബി.ടി.എ ചേലക്കര ഏരിയാ സെക്രട്ടറി എം.സി രതീഷ് അധ്യക്ഷനായി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ സജിന്‍, എന്‍.ജെ ജോസ്, ടി.എന്‍ നാരായണസ്വാമി, ജി.സുരേഷ്, മുജീബ് റഹ്മാന്‍, ഹുസൈന്‍ വട്ടപറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."