മര്യാപുരം അനില്‍കുമാര്‍ വധം: പ്രതികള്‍ പിടിയില്‍
പാറശാല: നാടിനെ നടുക്കിയ മര്യാപുരം അനില്‍കുമാര്‍ വധക്കേസിലെ പ്രതികള്‍ പൊലിസ് പിടിയിലായി.
മര്യാപുരം ചെമ്മണ്ണുവിള പുത്തന്‍വീട്ടില്‍ പാണ്ടി മനു എന്നു വിളിയ്ക്കുന്ന മനു (29) , ഉദിയന്‍കുളങ്ങര കാരയ്ക്കാട് പുത്തന്‍വീട്ടില്‍ ഷാര്‍ജ ബിനു എന്ന ബിനു , കാരയ്ക്കാട് മോഹന ഭവനില്‍ മനു (28) , അമരവിള ചെക്ക് പോസ്റ്റിനു സമീപം ചെമ്മണ്ണുവിള വീട്ടില്‍ അരുണ്‍ (25) , വട്ടവിള പിണര്‍നിന്നവിള വീട്ടില്‍ ജോയി എന്നു വിളിയ്ക്കുന്ന സുധീഷ് (25) , മര്യാപുരം മേലമ്മാകം പറയരുവിള വീട്ടില്‍ സമ്പത്ത് (26) എന്നിവരാണ് പിടിയിലായത്.
കൊല്ലപ്പെട്ട അനില്‍കുമാറിന്റെ മുന്‍കാല സുഹൃത്തുക്കളാണ് ഇവര്‍. കാഞ്ഞിരംകുളം മാങ്കൂട്ടം ഭാഗത്ത് അമരവിള സ്വദേശിയുടെ ഉടമസ്ഥതയിലുളള കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് പ്രതികളെ പൊലിസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് മര്യാപുരം ആറയൂര്‍ ഗ്രാമവാസികളെ ഞെട്ടിച്ച കൊലപാതകം നടന്നത്. ആറയൂര്‍ കുരുവിക്കാട് നടുത്തട്ട് പുത്തന്‍വീട്ടില്‍ ദിവാകരന്റെ മകന്‍ അനില്‍കുമാര്‍ (46) ആണ് കൊല്ലപ്പെട്ടത്.
പ്രതികള്‍ എല്ലാവരും ചക്കകച്ചവടം നടത്തുന്നവരും കോഴി ഫാം ജീവനക്കാരുമാണ്. കൊല ചെയ്യപ്പെട്ട അനില്‍കുമാറും പ്രതികളും മുന്‍പ് ഒരുമിച്ച് ചക്ക ബിസിനസ് നടത്തിയിരുന്നു. എന്നാല്‍ കുറേകാലമായി ഇവര്‍ പരസ്പരം വിരോധത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഒന്നാം പ്രതിയായ മനുവിന്റെ സുഹൃത്തും ആറയൂര്‍ ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ ബിനുവിനെ അനില്‍കുമാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ബിനുവും അനില്‍കുമാറും തമ്മിലുളള പ്രശ്‌നം പ്രതികളായ മറ്റുളളവര്‍ ഏറ്റെടുക്കുകയും അനില്‍കുമാറുമായി വിരോധത്തിലാവുകയും ചെയ്തു. നാട്ടിലെ ഒരു വിവാഹച്ചടങ്ങിനിടെ അവിടെയെത്തിയ അനില്‍കുമാറിനെ ബിനുവും കേസിലെ മറ്റു പ്രതികളും ചേര്‍ന്ന് ആക്രമിക്കുകയും മര്യാപുരം ജങ്ഷനില്‍ വന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തു.
അനില്‍കുമാര്‍ പാറശാല പൊലിസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് സ്റ്റേഷനില്‍ വെച്ചു തന്നെ ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തിയിരുന്നു.
എന്നാല്‍ അതിനു ശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഒരു ദിവസം കൊല്ലപ്പെട്ട അനില്‍കുമാര്‍ പ്രതിയായ മനുവിനെ വഴിയില്‍ വച്ച് അക്രമിക്കുകയും വെല്ലു വിളിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മനു കൂട്ടുകാരുമായി ചേര്‍ന്ന് അനില്‍കുമാറിനെ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു.
കൊല നടന്നദിവസം പദ്ധതി തയാറാക്കിയ ശേഷം സംഘത്തിലൊരാളിന്റെ ഫോണില്‍ നിന്ന് അനില്‍കുമാറിനെ വിളിച്ച് ജോലിയുടെ കാര്യം പറയാനാണെന്നും അതിനായി മര്യാപുരത്ത് എത്തണമെന്നും അറിയിച്ചു.അതനുസരിച്ച് മര്യാപുരം ജങ്ഷനില്‍ എത്തിയ അനില്‍കുമാറിനെ , മനു കുറുവടി കൊണ്ട് തലയ്ക്കടിയ്ക്കുകയും രണ്ടാം പ്രതി വെട്ടുകത്തി കൊണ്ട് തലയ്ക്കും കഴുത്തിനും വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
തറയില്‍ വീണ അനില്‍കുമാറിനെ നിലത്തിട്ട് ചവിട്ടി എല്ലാ പേരും ചേര്‍ന്ന് കുറുവടികളും ഇരുമ്പ് പൈപ്പുകളും കൊണ്ട് മര്‍ദിക്കുകയും നാട്ടുകാര്‍ എത്തിയപ്പോഴേക്കും ബൈക്കുകളില്‍ രക്ഷപ്പെടുകയും ചെയ്തു. കഴുത്തില്‍ മാരകമായി വെട്ടേറ്റ് ചോര വാര്‍ന്ന് കിടന്ന അനില്‍കുമാറിനെ പൊലിസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികള്‍ ബൈക്കുകളും ആയുധങ്ങളുമായി കാഞ്ഞിരംകുളം മാങ്കൂട്ടത്തുളള അമരവിള സ്വദേശിയായ സുഹൃത്തി ന്റെ കോഴി ഫാമില്‍ എത്തുകയും ബൈക്കുകളും ആയുധങ്ങളും ഒളിപ്പിച്ച ശേഷം അവിടെത്തന്നെ ഒളിച്ച് കഴിയുകയുമായിരുന്നു.
തിരുവനന്തപുരം റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കര്‍ , ജില്ലാ ക്രൈംബ്രഞ്ച് ഡി.വൈ.എസ്.പി സുരേഷ്‌കുമാര്‍ , പാറശാല സി.ഐ സന്തോഷ്‌കുമാര്‍ , എസ്.ഐ പ്രവീണ്‍ , ഷാഡോ പൊലീസ് എസ്.ഐ സിജു , ഷാഡോ ടീം അംഗങ്ങളായ പോള്‍വിന്‍ , പ്രവീണ്‍ ആനന്ദ് , സി.പി.ഒമാരായ പ്രേംകുമാര്‍ , ബിജു , എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഡിഷണല്‍ എസ്.ഐമാരായ കൃഷ്ണന്‍കുട്ടി , എ.എസ്.ഐ തങ്കരാജ് , സി.പി.ഒമാരായ ശിവകുമാര്‍ , രാധാകൃഷ്ണന്‍ , അനീഷ് , ഡബ്ല്യു.സി.പി.ഒ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."