ഐ.സി ബാലകൃഷ്ണന്‍ ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റു
കല്‍പ്പറ്റ: ഡി.സി.സി പ്രസിഡന്റായി ഐ.സി ബാലകൃഷ്ണന്‍ ചുമതലയേറ്റു. ഡി.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.എല്‍ പൗലോസില്‍ നിന്നും അധികാരപത്രം ഏറ്റുവാങ്ങിയാണ് ഐ.സി സ്ഥാനമേറ്റെടുത്തത്. കോണ്‍ഗ്രസ് പ്രസിഡന്റെന്ന പദവി വലിയ ഉത്തരവാദിത്വമാണ് തന്നില്‍ അര്‍പ്പിച്ചിരിക്കുന്നതെന്ന് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.
നീതിയോടെ ഈ പദവി നിര്‍വഹിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനായി എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍മറഞ്ഞുപോയ നേതാക്കളുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായി ജില്ലയില്‍ സ്മാരകങ്ങളും സ്തൂപങ്ങളും സ്ഥാപിക്കണം. അവരുടെ ഓര്‍മകള്‍ പുതിയ തലമുറയെ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ പ്രേരണയാവും.
പ്രതിസന്ധികള്‍ നേരിടുന്ന കോണ്‍ഗ്രസ് കുടുംബങ്ങളെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമെന്നും, കാരുണ്യത്തിന്റെ കൈത്താങ്ങായി പാര്‍ട്ടിയെ മാറ്റിയെടുക്കുമെന്നും, അവശ്യങ്ങളുമായി വരുന്നവര്‍ക്ക് പരമാവധി സഹായം ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായി കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കുമെന്നും, പ്രവര്‍ത്തകര്‍ക്കിടയിലും, സമൂഹത്തിലുമുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി അത്തരം കമ്മിറ്റികളെ സജ്ജമാക്കുമെന്നും ഐ.സി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ.എല്‍ പൗലോസ് അധ്യക്ഷനായി. ചടങ്ങ് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, എം.പി ജാക്‌സണ്‍, കെ.കെ രാമചന്ദ്രന്‍മാസ്റ്റര്‍, എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥന്‍, സി.പി വര്‍ഗീസ്, അഡ്വ. എന്‍.കെ വര്‍ഗീസ്, എന്‍.എം വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."