സ്ത്രീ സൗഹൃദ പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല; കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ ആക്രമിക്കപ്പെടുന്നു
മണ്ണഞ്ചേരി: സ്ത്രീ സൗഹൃദ പഞ്ചായത്തായ മാരാരിക്കുളത്ത് സ്ത്രീകള്‍ക്ക് രക്ഷയില്ല. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം പെരുകുന്നത്.
വൃദ്ധജനങ്ങള്‍ക്കുപോലും വീടിന് പുറത്തും അകത്തും ഇരിക്കാന്‍ വയ്യാത്ത ഗതികേടാണിപ്പോള്‍. വീടിനുളള ഒറ്റയ്ക്കാണ് സത്രീകളെന്ന് മനസിലായി കഴിഞ്ഞാല്‍ പിന്നെ ഒറ്റപ്പെട്ടവരെ ആക്രമിക്കാനുളള ശ്രമമായി പിന്നീട്. കഴിഞ്ഞ ദിവസം വളവനാട് സ്വദേശിനിയായ വയോധികയെ പീഡിപ്പിക്കാന്‍ സമീപവാസിയായ യുവാവ് ശ്രമിച്ചിരുന്നു. മരുമകള്‍ക്ക് അസുഖമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്ക് പോയ അവസരം മുതലാക്കിയാണ് യുവാവ് വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടമ്മയുടെ അവസരോചിതമായ ഇടപെടലാണ് രക്ഷപെടാന്‍ സഹായിച്ചത്.
നാട്ടുകാരനാണെങ്കിലും ഇയാളെ വീട്ടമ്മയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ബന്ധുക്കളോട് വീട്ടമ്മ വിവരങ്ങള്‍ പറഞ്ഞതനുസരിച്ച് പൊലീസിന്റെ രഹസ്യമായ അന്വേഷണത്തില്‍ ഇയാള്‍ വലയിലാകുകയായിരുന്നു. വളവനാട് പടിഞ്ഞാറുസ്വദേശിയായ പ്രതി ഇപ്പോള്‍ റിമാന്റിലാണ്.
ഈ സംഭവത്തിനുശേഷം വളവനാട് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ എട്ടുവയസുകാരിയെ ഹോട്ടല്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമംനടത്തി. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ പെണ്‍കുട്ടിയെ ജാര്‍ക്കണ്ഡ് സ്വദേശിയായ യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കരഞ്ഞെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെ അരൂര്‍ സ്വദേശികളായ കുടുംബം മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പൊലീസ് പ്രതിയെ പിടിക്കൂടി.
ഇയാളും ആലപ്പുഴ സബ്ജയിലിലാണ്.സമീപദിവസം തന്നെ പഞ്ചായത്തിലെ തെക്കന്‍ പ്രദേശത്തെ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ സംഘം അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പാതിരപ്പള്ളി പാട്ടുകളം ക്ഷേത്രത്തിന് കിഴക്കുഭാഗത്തുവച്ചായിരുന്നു ഈ സംഭവം. പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറി രക്ഷപെടുകയായിരുന്നു.സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞെങ്കിലും സ്‌കൂളിന്റെ പേരിന് കളങ്കംവരും എന്നുപറഞ്ഞ് പരാതിനല്‍കാന്‍ ഇവര്‍ കൂട്ടാക്കിയില്ല.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ നിര്‍മ്മാണതൊഴിലാളിയായ യുവതിയും അക്രമിക്കപ്പെട്ടു. പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാതിരപ്പള്ളി റെയില്‍വേ ക്രോസിന് സമീപത്തെ കലുങ്കിന് സമീപത്തുവച്ച് മൂന്നുപേര്‍ ഒരു ബൈക്കിലെത്തി കടന്നുപിടിക്കുകയായിരുന്നു.ഈ മാസംതന്നെ മാരാരിക്കുളം തെക്ക് പ്രദേശത്ത് 28 സ്ത്രീകളാണ് ശല്യം സഹിക്കാതെ പരാതിയുമായി പൊലീസിന് സമീപിച്ചത്. 2016 അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ 500 ലേറെ സ്ത്രീകളാണ് ഇവിടെ അക്രമിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."