ജില്ലയില്‍ കിഴക്കന്‍ മേഖലയിലെ തമിഴ് സ്‌കൂളുകള്‍ക്ക് അവഗണന
കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് അവഗണന. അധികൃതരുടെയും അധ്യാപകരുടെയും, അനാസ്ഥതമൂലം നൂറുകണക്കിന് കുട്ടികളുടെ പഠനം ചോദ്യചിഹ്നമായിരിക്കുകയാണ്. ചിറ്റൂര്‍ വണ്ണാമടയില്‍ പ്രവര്‍ത്തിക്കുന്ന ഭഗവതി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി, യു.പി വിഭാഗം കെട്ടിടങ്ങള്‍ ഏതുസമയത്തും തകര്‍ന്നുവീഴേക്കാമെന്ന സ്ഥിതിയിലാണ്. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നിട്ടില്ല. ഏറെ ആശങ്കയോടെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലിരിക്കുന്നത്. കെട്ടിടങ്ങളില്‍ പലതും കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തു കാണുന്നുണ്ട്. കുറച്ചു ദിവസം മുന്‍പ് കെട്ടിടം തകര്‍ന്ന് ഒരു വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. അതേസമയം അധ്യാപകരാവട്ടെ നിസംഗ മനോഭാവത്തിലാണ് പഠിപ്പിക്കുവാനെത്തുന്നത്. തോന്നുന്ന സമയത്ത് വന്നു പോവുകയും ലീവെടുത്ത ശേഷം അടുത്തദിവസം വന്ന് രജിസ്റ്ററില്‍ ഒപ്പ് ഇടുന്നത് പതിവാണെന്നും പറയുന്നു.
തമിഴ് സ്‌കൂള്‍ ആയതിനാല്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും തഴയുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരം നല്‍കുവാന്‍ ഫണ്ട് എഴുതി വാങ്ങുന്നുണ്ടെങ്കിലും അത് പൂര്‍ണമായും നടപ്പിലാക്കുന്നില്ലെന്നും ആരോപണങ്ങളുണ്ട്. വണ്ണാമട, മൂങ്കില്‍മട, ഗോപാലപുരം, നീലംകാച്ചി, ആറാംമൈല്‍, വെള്ളാരങ്കല്‍മെട് അമ്പിട്ടമ്പതി മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ആശ്രയമാണ് ഭഗവതി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. അധികൃതരില്‍നിന്ന് വേണ്ടരീതിയിലുള്ള ശ്രദ്ധ ലഭിക്കാത്തതുമൂലമാണ് സാക്ഷരതയില്‍ പിന്നോക്കം നില്‍ക്കുന്നതും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."