തൃശൂരില്‍ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു
തൃശൂര്‍: കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റും യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറും രണ്ടാം വര്‍ഷ ബി.എ ഫിലോസഫി വിദ്യാര്‍ഥിയുമായ കെ.എസ് അഖിലിനാണ് വലതുകൈയ്ക്ക് വെട്ടേറ്റത്. അഖിലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ 11 ഓടെ പടിഞ്ഞാറേ കോട്ട ബിന്ദു തിയേറ്ററിനു സമീപത്തെ ഇടവഴിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. കോളജിലേക്ക് പോവുകയായിരുന്ന അഖിലിനെ ബൈക്കിലെത്തിയ രണ്ട് പേര് ചേര്‍ന്ന് വെട്ടുകയായിരുന്നു. കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ലാല്‍കൃഷ്ണ, മുന്‍ വിദ്യാര്‍ഥി കൃഷ്ണപ്രസാദ് എന്നിവരാണ് വെട്ടിയതെന്ന് സംശയിക്കുന്നതായി അഖില്‍ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. അക്രമത്തെ തുടര്‍ന്ന് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകരായ വൈശാഖ്, പ്രവീണ്‍, വിഷ്ണു, സുതന് എന്നിവര്‍ക്ക് പരുക്കേറ്റു. എ.ബി.വി.പി പ്രവര്ത്തകന് ലാല്‍കൃഷ്ണയുടെ വാഹനം തല്ലിത്തകര്‍ത്തിട്ടുണ്ട്.
എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിന് കോളജില്‍ നിന്ന് പുറത്താക്കിയിരുന്ന എ.ബി.വി.പി നേതാവ് ഗിനില്‍ കഴിഞ്ഞ ദിവസം കോളജ് യൂണിയന് ഉദ്ഘാടന സമയത്ത് കാംപസിലെത്തിയിരുന്നു. എസ്.എഫ്.ഐ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പൊലിസെത്തി ഇയാളെ കാംപസില്‍ നിന്ന് പുറത്താക്കി. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കേരളവര്‍മ കോളജില്‍ മുന്‍പ് എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് പുതിയ അക്രമമെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."