നിര്‍ത്താതെ കടന്നുകളഞ്ഞ കള്ളടാക്‌സി പിടികൂടി പിഴയിട്ടു
വടകര: ഇന്നലെ പുതുപ്പണത്ത് വച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ നിര്‍ത്താതെ രക്ഷപ്പെട്ട വാഹനം കൈനാട്ടിയില്‍വച്ചു പിടികൂടി. കണ്ണൂരിലേക്ക് കല്യാണ ചടങ്ങിനു പങ്കെടുക്കാന്‍ പോവുകയായിരുന്ന പത്തോളം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
മുക്കത്തുള്ള ഒരു ട്രാവല്‍് ഏജന്‍സി ഉടമയുടെ പേരിലുള്ള പ്രൈവറ്റ് ക്വാളിസ് കാറാണ് പിടിയിലായത്. 1,800 രൂപ വാടക കൊടുത്തും ഡീസല്‍ അടിച്ച് ഓടികൊള്ളാമെന്നുമുള്ള വ്യവസ്ഥയിലുമായിരുന്നു ഇവര്‍ വാഹനം വാടകക്കെടുത്തതെന്നു വിദ്യാര്‍ഥികള്‍ മൊഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും നിര്‍ത്താതെ പോയതിനും അപകടകരമായ ഡ്രൈവിങ്ങിനും പെര്‍മിറ്റില്ലാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെയും അനധികൃത സര്‍വിസ് നടത്തിയതിനും ടാക്‌സി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട റോഡ് ടാക്‌സ് ഉള്‍പ്പെടെ 8,300 രൂപ പിഴ ഈടാക്കി വാഹനം വിട്ടുനല്‍കി.
വടകര മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീം വിജയകുമാറാണ് വാഹനം പിടിച്ചെടുത്തത്. അമിതമായി സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയ മറ്റൊരു വാഹനത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. ഏഴുപേര്‍ക്കു കയറാവുന്ന ടാക്‌സി വാഹനത്തില്‍ ഓര്‍ക്കാട്ടേരിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 19 സ്‌കൂള്‍ കുട്ടികളാണുണ്ടായിരുന്നത്. അപകടകരമായ നിലയില്‍ കുട്ടികളെ കുത്തിനിറച്ചു കയറ്റിയതിന് ഡ്രൈവര്‍ക്കെതിരേയും വാഹന ഉടമസ്ഥനെതിരേയും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."