ആര്‍.എസ്.എസ് ആയുധപരിശീലനം ശക്തമാക്കുന്നു
തിരുവനന്തപുരം: അണികളെ കായികമായി മികവുറ്റവരും അക്രമോത്സുകരുമാക്കാന്‍ ആര്‍.എസ്.എസ് ആയുധപരിശീലനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വ്യാപകമായി ക്യാംപുകള്‍ സംഘടിപ്പിക്കാനാണ് ശ്രമം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടന്നുവന്ന ആയുധപരിശീലനം സര്‍ക്കാര്‍ തടയുമെന്ന ആശങ്കയുള്ളതിനാല്‍ പരിശീലനത്തിനായി മറ്റുകേന്ദ്രങ്ങളാണ് തെരഞ്ഞെടുക്കുക. സംസ്ഥാനത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ആയുധം ഉപയോഗിച്ചുള്ള കായികപരിശീലനത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മറികടന്നാണ് ആര്‍.എസ്.എസിന്റെ ആയുധപരിശീലന പദ്ധതി.
പ്രധാനമായും കുട്ടികളേയും യുവാക്കളേയും ക്യാംപുകളില്‍ എത്തിക്കാന്‍ അനുഭാവികളുടെ വീടുകള്‍ കയറിയുള്ള നേതാക്കളുടെ രഹസ്യസന്ദര്‍ശനവും ആരംഭിച്ചതായാണു വിവരം.
ആര്‍.എസ്.എസ് അനുഭാവികളായ മുതിര്‍ന്നവരേയും പരിശീലനത്തിന് എത്തിക്കാന്‍ പരിപാടിയുണ്ട്. ഹിന്ദുപുരാണങ്ങളിലും ഇതിഹാസങ്ങളിലും കുട്ടികള്‍ക്ക് അറിവും അവഗാഹവും ഉണ്ടാക്കിക്കൊടുക്കാനെന്നു പറഞ്ഞാണ് അവരെ വലയിലാക്കുന്നത്. തുടര്‍ന്നു പരിശീലനത്തിനായി മാതാപിതാക്കളില്‍ നിന്നും അനുവാദവും നേടിയെടുക്കും.
വ്യക്തിത്വവികസനത്തിന് ഊന്നല്‍ നല്‍കാനെന്ന പേരിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപുകളില്‍ എത്തിക്കുന്നവര്‍ക്കു തീവ്രമായ പരിശീലനം നല്‍കാനാണു പദ്ധതി. എതിരാളികളെ കായികമായി നേരിടാനും ക്ഷതമേല്‍പ്പിച്ചുള്ള അഭ്യാസമുറകള്‍ അടക്കമുള്ളവ പരിശീലിപ്പിക്കാനുമാണു ലക്ഷ്യമിടുന്നത്. 'ശാരീരിക ശിക്ഷാക്രമം' എന്ന പേരിലാണു കായിക പരിശീലനം. ദണ്ഡ്, വടിവാള്‍, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാകും പരിശീലനം. ഇതിനായി അഭ്യാസമുറകള്‍ പ്രതിപാദിക്കുന്ന പുസ്തകവും ലഭ്യമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."