മലയോരത്തിന്റെ മന്ത്രി പ്രതീക്ഷ അസ്തമിച്ചു; ഇടുക്കിയില്‍ അമര്‍ഷം
തൊടുപുഴ: എം.എം മണിക്കും ഇ എസ് ബിജിമോള്‍ക്കും മന്ത്രിസ്ഥാനമില്ലെന്നുറപ്പായതോടെ മലയോരത്തിന്റെ മന്ത്രി പ്രതീക്ഷ അസ്തമിച്ചു.
ഇതോടെ ജില്ലയിലെ ഇടതുമുന്നണി പ്രവര്‍ത്തകരില്‍ പ്രതിഷേധവും അമര്‍ഷവും അണപൊട്ടുകയാണ്. മണി മന്ത്രിയാകുമെന്നു വ്യാപകമായ പ്രചാരണം നടത്തിയ എല്‍. ഡി. എഫ് നേതൃത്വം ഇതോടെ പ്രതിരോധത്തിലായി. സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം. എം. മണി. സെക്രട്ടറിയേറ്റ് അംഗങ്ങളെയെല്ലാം മന്ത്രിമാരാക്കുന്നതാണ് സി പി എം കീഴ്‌വഴക്കം.
ഇക്കുറി മണിയെ മാത്രം മാറ്റിനിര്‍ത്തി മറ്റ് അംഗങ്ങളെയെല്ലാം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതാണ് പ്രതിഷേധത്തിന് വെഴിവെച്ചിരിക്കുന്നത്. എം എം മണിക്ക് ക്യാബിനറ്റ് പദവിയില്ലാതെ പാര്‍ട്ടി വിപ്പ് സ്ഥാനം നല്‍കുവാനാണ് ഇപ്പോഴത്തെ തീരുമാനം.വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ ഏറെ പഴി പാര്‍ട്ടിക്കുള്ളിലും പുറത്തും കേള്‍ക്കേണ്ടി വന്ന മണി ഇതിന്റെ പേരില്‍ ഉയര്‍ന്ന ശക്തമായ പ്രചാരണത്തെ അതിജീവിച്ചാണ് ഉടുമ്പന്‍ചോലയില്‍ ജയിച്ചുകയറിയത്. മണക്കാട്ടെ വണ്‍..., ടു...., ത്രീ..... പ്രസംഗത്തിന്റെ സി. ഡി തന്നെ യു. ഡി. എഫ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അവയെ നിഷ്പ്രഭമാക്കി മണി വിജയിച്ചതോടെ മന്ത്രിപദം ഇടുക്കിയിലെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
അരനൂറ്റാണ്ടിലധികമായി പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ജീവിതം മാറ്റിവച്ച മണി ഇടുക്കിയിലെ സി. പി. എമ്മിന്റെ അനിഷേധ്യ നേതാവാണ്. ഒരു കാലത്ത് ഇടുക്കിയില്‍ വി എസിന്റെ ശക്തമായ വക്താവായിരുന്നു എം എം മണി. ജില്ലയിലെ സി. പി. എം ഒറ്റക്കെട്ടായി മണിക്ക് പിന്നില്‍ നിന്നു. എന്നാല്‍ മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ അച്യുതാനന്ദനോട് അകന്ന അദ്ദേഹം പിണറായി വിഭാഗത്തിന് സ്വീകാര്യനായതോടെ പാര്‍ട്ടിയും ഒന്നാകെ പിണറായി പക്ഷത്തേക്ക് ചാഞ്ഞു. വിവാദ പ്രസംഗത്തില്‍ ഉലഞ്ഞ മണിയുടെ രാഷ്ട്രീയ ജീവിതത്തില്‍, ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായി കോടതി വിധിയെതുടര്‍ന്ന് ജില്ലയില്‍ പ്രവേശിക്കാനാകാത്ത സാഹചര്യം ഉണ്ടായപ്പോഴും ജില്ലയ്ക്ക് പുറത്തുനിന്നുകൊണ്ടുതന്നെ തീരുമാനങ്ങളെടുത്തതും നടപ്പാക്കിയതും പാര്‍ട്ടിക്കുള്ളില്‍ മണിയുടെ സ്വാധീനം വ്യക്തമാക്കുന്നു. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി മടങ്ങിയെത്തിയത് വര്‍ധിത വീര്യത്തോടെയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൂട്ടുചേര്‍ന്നതും ജോയ്‌സ് ജോര്‍ജിനെ പാര്‍ലമെന്റിലേക്കയച്ചതും മണിയുടെ രാഷ്ട്രീയതന്ത്രത്തിന്റെ വിജയമായിരുന്നു. സമിതിയുടെ നിയമോപദേശകനായിരുന്ന ജോയ്‌സിനെ എല്‍. ഡി. എഫ് പിന്തുണക്കാമെന്നു തീരുമാനിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായി. ഏറെക്കാലമായി ഇടതുപക്ഷത്തോട് അകന്നുനിന്ന കത്തോലിക്ക സഭയെ മണി ഒപ്പം നിര്‍ത്തി.
സമിതി സ്വന്തം നിലയില്‍ ജോയ്‌സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കെ, തലേന്നു സമിതി നേതാക്കളെ പോലും അറിയിക്കാതെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജോയ്‌സിനെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയതും മണിയുടെ രാഷ്ട്രീയ ചാണക്യതന്ത്രമായി. പിണറായി വിജയന് കരുത്തുപകരുന്ന ആധിപത്യം പാര്‍ട്ടിക്കുള്ളില്‍ നേടിക്കൊടുത്തിട്ടും മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് ഇടുക്കിയിലെ നേതൃത്വത്തിനുപോലും ആശ്ചര്യത്തിനിടയാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മണിയുടെ മന്ത്രിസ്ഥാനമാണ് എല്‍. ഡി. എഫ് പ്രധാനമായി ഉയര്‍ത്തിക്കാട്ടിയ പ്രചാരണങ്ങളിലൊന്ന്. സോഷ്യല്‍ മീഡിയായിലൂടെയാണ് മണി മന്ത്രിയാകുമെന്നു വ്യാപകപ്രചാരണം മുന്നണി നടത്തിയത്. മണി മാത്രമല്ല, ഫ്രാന്‍സിസ് ജോര്‍ജും ഇ. എസ് ബിജിമോളും മന്ത്രിമാരാകുമെന്നും പ്രചാരണമുണ്ടായി. ഫ്രാന്‍സിസ് ജോര്‍ജിന് വിജയിക്കാനായില്ലെങ്കിലും മണിയും ബിജിമോളും മന്ത്രിമാരാകുമെന്നു തന്നെയാണ് അവസാന നിമിഷംവരെ ജനങ്ങള്‍ പ്രതീക്ഷിച്ചത്. സി. പി. ഐയും തീരുമാനം പ്രഖ്യാപിച്ചതോടെ ബിജിമോളുടെ മന്ത്രി സ്വപ്നവും അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."