നിയന്ത്രണമില്ലാതെ നീലഗിരി
ഗൂഡല്ലൂര്‍: പരിസ്ഥിതി ലോല പ്രദേശമായ നീലഗിരിയില്‍ കുന്നും മലകളും നിരത്തിയുള്ള അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തകൃതിയായി നടക്കുന്നതായി ആക്ഷേപം. ഇതോടെ മലയോരത്ത് കെട്ടിട നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃത കെട്ടിടങ്ങളുടെ നിര്‍മാണം അധികരിക്കുകയാണ്. കൃഷിയിടങ്ങളും വയലുകളും നികത്തിയും കുന്നും മലകളും നിരത്തിയും പാറക്കെട്ടുകള്‍ പൊട്ടിച്ചും നിരവധി കെട്ടിടങ്ങളുടെ നിര്‍മാണമാണ് ജില്ലയില്‍ നടക്കുന്നത്. ജെ.സി.ബി ഉപയോഗിക്കുന്നതിന് ജില്ലയില്‍ കര്‍ശന നിയന്ത്രണമാണ്. എന്നാല്‍ അധികൃതര്‍ക്ക് കൈമണി കൊടുത്താല്‍ ജെ.സി.ബിയൊക്കെ യഥേഷ്ടം ഉപയോഗിക്കാനാവുമെന്ന് വ്യക്തമാക്കുകയാണ് നിലവിലെ സാഹചര്യം. ഒപ്പം പണം കിട്ടിയാല്‍ നിരോധിത മേഖലകളില്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് യഥേഷ്ടം അനുമതിയും ഇവര്‍ നല്‍കും.
എന്നാല്‍ സാധാരണക്കാരന്‍ വീടുവെക്കാന്‍ അനുമതിക്കായി അധികൃതര്‍ക്ക് മുന്‍പിലെത്തിയാല്‍ നിയമം അല്‍പംകൂടി കര്‍ശനമാകുകയും അനുമതി നിഷേധിക്കുകയുമാണ് പതിവ്. സമ്പന്നരെത്തിയാല്‍ കെട്ടിടങ്ങള്‍ എത്ര വലിപ്പത്തില്‍ വേണമെങ്കിലും നിര്‍മിക്കാനുള്ള അനുമതി ഇതേ ഉദ്യോഗസ്ഥര്‍ വളരെ പെട്ടെന്ന് തന്നെ തരപ്പെടുത്തി കൊടുക്കുകയും ചെയ്യും.
ജില്ലയുടെ പലഭാഗത്തും ഇങ്ങനെയുള്ള റിസോര്‍ട്ടുകളും ലോഡ്ജുകളും കൂണുപോലെ മുളച്ചുപൊന്തിയിട്ടുണ്ട്. ഊട്ടി, കോത്തഗിരി, കുന്നൂര്‍, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ മേഖലകളില്‍ നിരവധി കെട്ടിടങ്ങളാണ് ഇത്തരത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.
ബര്‍ളിയാര്‍, എടപ്പള്ളി, വണ്ടിശോല എന്നീ പഞ്ചായത്തുകളില്‍ മാത്രം നൂറുകണക്കിന് കെട്ടിടങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നുവന്നത്. കുന്നൂര്‍ വണ്ടിശോലയില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ മരിച്ച കഴിഞ്ഞ ആഴ്ചയിലാണ്.
രണ്ട് വര്‍ഷത്തിനിടെ ഒന്‍പത് പേരാണ് ഇത്തരത്തില്‍ ജില്ലയില മരണപ്പെട്ടത്. വണ്ടിശോല സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒ ഗീതപ്രിയക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."