ബന്ധുനിയമന ആരോപണം രാഷ്ട്രീയപ്രേരിതം: വി.എം ഉമ്മര്‍ മാസ്റ്റര്‍
താമരശ്ശേരി: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചട്ടവിരുദ്ധമായി തന്റെ ബന്ധുവിനെ നിയമിച്ചതായുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. കെ.എച്ച്.ടി.യു സംസ്ഥാന സെക്രട്ടറിയായ കെ.പി അബ്ദുല്‍ ജലീല്‍ ഗസറ്റഡ് റാങ്കിലുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകനാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടേഷനിലാണ് ഓപ്പണ്‍ സ്കൂള്‍ കോഡിനേറ്ററായി ജലീല്‍ ചുമതലയേറ്റത്.
യൂനിയന്‍ നേതാക്കളില്‍ യോഗ്യതയുള്ളവര്‍ ഡെപ്യൂട്ടേഷനില്‍ മറ്റു വകുപ്പുകളിലേക്കു വരുന്നതു സാധാരണയാണ്. ഡെപ്യൂട്ടേഷനില്‍ ജോലിക്കുവന്നതിനെ പുതിയ നിയമനമായി വ്യാഖ്യാനിച്ചു തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഓപണ്‍ സ്കൂള്‍ പേരുമാറി സ്കോള്‍ കേരളയായി മാറിയപ്പോള്‍ ഡയരക്ടര്‍മാരില്‍ ഒരാളായി നിശ്ചയിച്ചിരുന്നെങ്കിലും പ്രസ്തുത തസ്തികയില്‍ പ്രവേശിക്കാതെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചുപോവുകയാണ് ജലീല്‍ ചെയ്തത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന ആരോപണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ഇതു സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും വിജിലന്‍സ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."