വിദേശത്ത് നിന്ന് വ്യാപകമായി അസാധു നോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതായി ഇന്റലിജന്‍സ്
നെടുമ്പാശ്ശേരി: രാജ്യത്ത് പിന്‍വലിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദേശത്തുനിന്നും വ്യാപകമായി അസാധു നോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്.
വിവിധ വിമാനത്താവളങ്ങള്‍ വഴി നോട്ട് എത്തിക്കുന്നതായാണ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കി.
അസാധുവാക്കിയ രണ്ട് ലക്ഷം രൂപയുടെ നോട്ടുകള്‍ ദുബൈയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.
നിയമപരമായി വിദേശ യാത്രക്കാര്‍ക്ക് 25000 രൂപയുടെ വരെ നോട്ടുകള്‍ കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ ജോലി ആവശ്യാര്‍ത്ഥവും മറ്റുമായി വിദേശത്തേക്ക് പോയവര്‍ കൈവശം കൊണ്ടു പോയതും, നിയമവിരുദ്ധ ഇടപാടുകള്‍ക്കായി വന്‍തോതില്‍ വിദേശത്ത് എത്തിച്ചതുമായ പണമാണ് നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നത്.
ഈ തുക വിദേശത്തെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വഴി മാറ്റിയെടുക്കാനും അനുമതിയില്ല. ഇത്തരത്തില്‍ പതിനായിരം കോടിയോളം രൂപ വിദേശത്ത് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം രണ്ടര കോടിയോളം ഇന്ത്യക്കാരാണ് വിദേശത്തുള്ളത്. ശരാശരി 4000 രൂപ വീതം ഇവരുടെ കൈവശം ഉണ്ടെങ്കില്‍ തന്നെ പതിനായിരം കോടി കവിയും. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുമ്പോഴും തിരികെ വരുമ്പോഴുമുള്ള അത്യാവശ്യ ചിലവുകള്‍ക്കായി രൂപ കൈവശം വച്ചവരും വെട്ടിലായി.
കൈയിലുള്ള രൂപ മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് നാട്ടില്‍ എത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. 25000 രൂപ വരെ കൈവശം വക്കാന്‍ അനുവാദമുണ്ടെങ്കിലും ചെറിയ തുകകള്‍ മാറ്റിയെടുക്കാന്‍ മാത്രമായി നാട്ടില്‍ എത്തുക എന്നത് ഇവരെ സംബന്ധിച്ച് പ്രായോഗികമല്ല.
നിയമ വിരുദ്ധ ഇടപാടുകള്‍ക്കായി വന്‍ തുകകള്‍ ഗള്‍ഫ് നാടുകള്‍ അടക്കമുള്ള വിദേശ നാടുകളില്‍ എത്തിച്ചവരാണ് ഈ തുക ഏതുവിധേനയും മടക്കിയെത്തിക്കാന്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്. ഇതേ തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 24 ന് അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പത്ത് ലക്ഷം രുപയുടെ നോട്ടുകളുമായി വിദേശത്ത് നിന്നും എത്തിയ പാനൂര്‍ സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയിലായിരുന്നു.
പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെ വിദേശത്തെ അനധികൃത ഇടപാടുകളും ഒരു പരിധി വരെ തടസ്സപ്പെട്ട നിലയിലാണ്. അതുകൊണ്ട് തന്നെ പുതിയ നോട്ടുകള്‍ വിദേശത്തേക്ക് കടത്താനും ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ 16ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി മലേഷ്യയിലേയ്ക്ക് കടത്തുവാന്‍ ശ്രമിച്ച 3.50 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."