മുരളീധരന്റെ പ്രസംഗം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍: ഉണ്ണിത്താന്‍
കൊല്ലം: കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്റെ കോഴിക്കേട്ടെ പ്രസ്താവനക്കെതിരെ കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്.
മുരളീധരന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനും യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുമാണ് ഉപകരിക്കുകയെന്നു ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.പി.സി.സി നടത്തുന്ന തുടര്‍ സമരങ്ങളൊന്നും മുരളീധരന്‍ അറിയുന്നില്ല. 14 ഡി.സി.സികളും സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരങ്ങളില്‍ ഒന്നില്‍പോലും പങ്കെടുക്കാതെ ദുബൈയിലായിരുന്നു മുരളീധരന്‍.
ഡല്‍ഹിയിലായിരുന്ന എ.കെ ആന്റണിയും മണിപ്പൂരിലായിരുന്ന രമേശ് ചെന്നിത്തലയും കേരളത്തിലെത്തി കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുത്തു. പത്മജയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തൃശൃരില്‍ കുടുംബവീട്ടുവളപ്പിലെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്തപ്പോഴും മുരളിയെ കണ്ടില്ല. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. മൂന്നു പാര്‍ട്ടികളുടെ പ്രസിഡന്റായിരുന്ന മുരളീധരന്‍ ഇതിലും അപ്പുറം പാര്‍ട്ടിയെ ആക്ഷേപിച്ചിരുന്നതിനാല്‍ ഇതു പുത്തരിയല്ല. മുരളീധരന്റെ വളര്‍ച്ച പടവലങ്ങാ പോലെയാണെന്നും കോഴിക്കോട്ടെ പ്രസ്താവന പാര്‍ട്ടി ഗൗരവമായാണ് കാണുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."