പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയേക്കും
തിരുവനന്തപുരം: ഈ മാസം 31ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി നീട്ടിയേക്കും. തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ്, വിവിധ വിഷയങ്ങളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തിക, കെ.എസ്.ഇ.ബിയില്‍ മസ്ദൂര്‍, കെ.എസ്.ആര്‍.ടി.സിയില്‍ റിസര്‍വ് കണ്ടക്ടര്‍, സിവില്‍ സപ്ലൈസില്‍ അസി. സെയില്‍സ്മാന്‍, യു.പി, എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളുടെ കാലാവധിയാണ് നീട്ടുക.
നേരത്തേ നീട്ടിനല്‍കാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധിയായിരിക്കും നീട്ടുക. ഈ സര്‍ക്കാര്‍ വന്നതിനുശേഷം കാലാവധി നീട്ടിയവയും 31ന് റദ്ദാവുന്നുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചാല്‍ 31ന് മുന്‍പ് പ്രത്യേക യോഗം ചേര്‍ന്ന് പി.എസ്.സിക്ക് കാലാവധി നീട്ടാം. കൂടാതെ പ്രത്യേക അധികാരമുപയോഗിച്ച് പി.എസ്.സി ചെയര്‍മാനും കാലാവധി നീട്ടാം. പിന്നീട് കമ്മിഷന്‍ അംഗങ്ങളുടെ അംഗീകാരം നേടിയാല്‍ മതി.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി യോഗം ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഏതെങ്കിലും ഒരു തസ്തികയുടെ കാലാവധി മാത്രം നീട്ടാന്‍ സാധിക്കില്ലെന്നാണ് പി.എസ്.സി അറിയിച്ചിരുന്നത്.
അതിനിടെ, 31ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളില്‍നിന്ന് പരമാവധി നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പൂര്‍ത്തിയാക്കി. അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിഭാഗം അഡിഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 14 ജില്ലാ ടീമുകളും തിരുവനന്തപുരത്ത് നാല് ടീമുകളുമാണ് പരിശോധന നടത്തിയത്. ഒഴിവുകള്‍ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഏതൊക്കെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് മന്ത്രിസഭ തീരുമാനിക്കുക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പത്തിലേറെതവണ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയിരുന്നെങ്കിലും കാര്യമായ തോതില്‍ നിയമനം നടന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."