നോട്ടുനിരോധനം: പറഞ്ഞതെല്ലാം ഓര്‍മയുണ്ടെന്ന് മോദി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിനെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് തൊഴിലില്ലായ്മയും മറ്റും കാരണം ജനം ദുരിതമനുഭവിക്കുകയാണെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ ചാര്‍ ദാം ഹൈവേ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ല, മറിച്ച് പ്രകാശം പരത്താനാണ്. താനൊരിക്കലും കപട വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. പറഞ്ഞതെല്ലാം ഓര്‍മയുണ്ടെന്നും മോദി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ തീരുമാനം വന്ന് അന്‍പത് ദിവസം തികയാന്‍ ദിനങ്ങള്‍ മാത്രമേയുള്ളൂ. എന്നിട്ടും ജനത്തിന്റെ നോട്ടുദുരിതത്തിന് അറുതിയായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം.
എനിക്ക് നിങ്ങളോട് ഒരു പരാതി പറയാനുണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഞാന്‍ ഇവിടെ വന്നപ്പോള്‍ ഈ മൈതാനം പകുതിയേ നിറഞ്ഞിരുന്നുള്ളൂ. പക്ഷെ ഇന്ന് ആയിരങ്ങളെ എനിക്ക് കാണാം. വികസനത്തിന് വേണ്ടി കാത്തിരിക്കാന്‍ ഉത്തരാഖണ്ഡ് ജനത തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഇത്. കേഥാര്‍നാഥ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണമാണ് ചാര്‍ ദാം പദ്ധതി.
ദ്രുതഗതിയിലുള്ള പദ്ധതികള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ വികസനത്തിനല്ല. ജനങ്ങള്‍ക്ക് എല്ലാം അറിയാം. വേണ്ടത്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ദരിദ്ര ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.
ഉത്തരാഖണ്ഡിന് മികച്ച യാത്രാ സൗകര്യം ലഭ്യമാക്കും. കേഥാര്‍നാഥ്, ബദരീനാഥ് യാത്രയ്ക്ക് എപ്പോള്‍ വന്നാലും നിങ്ങള്‍ ഈ സര്‍ക്കാരിനെ ഓര്‍മിക്കും. ഉത്തരാഖണ്ഡിനെ അവസരങ്ങളുടെ നാടാക്കി മാറ്റാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംസ്ഥാനത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. ഞാന്‍ ഒരിക്കലും എന്‍െ വാക്കുകള്‍ മറന്നിട്ടില്ല. ഒരിക്കലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുമില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ പേരില്‍ മുന്‍ സര്‍ക്കാര്‍ 40 വര്‍ഷം സൈനികരെ പറ്റിച്ചു. പക്ഷെ എന്റെ സര്‍ക്കാരാണ് അത് നടപ്പാക്കിയത്.
നാട മുറിക്കാനും, മെഴുകുതിരി കത്തിക്കാനും വേണ്ടി മാത്രമല്ല ഞാന്‍ പ്രധാനമന്ത്രിയായത്. രാജ്യത്തെ സംരക്ഷിക്കാനുള്ള ചുമതലയാണ് ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ എന്റെ ചുമതലകള്‍ നിര്‍മിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണ്. കള്ളപ്പണത്തിനെതിരായ ഒരു യുദ്ധത്തിന് ഞാന്‍ തുടക്കമിട്ടിരിക്കുകയാണ്. ആ യുദ്ധത്തിന് ഞാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. നോട്ട് അസാധുവാക്കല്‍ എന്ന ഒറ്റ നടപടിയിലൂടെ കള്ളപ്പണം, തീവ്രവാദം, ലഹരിമാഫിയ, മനുഷ്യക്കടത്ത് എന്നിവയുടെ നടുവൊടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."