ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിട്ടു: നഗരസഭയുടെ പുതിയ കാര്യാലയം നോക്കുകുത്തി
പൊന്നാനി: പത്തുവര്‍ഷത്തിലേറെ സമയമെടുക്കുകയും രണ്ടരക്കോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മിക്കുകയും ചെയ്ത പൊന്നാനി നഗരസഭയുടെ പുതിയ കാര്യാലയം ഇനിയും പ്രവര്‍ത്തിച്ചു തുടങ്ങിയില്ല . ഒന്നരവര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് .
നഗരസഭ നടപ്പിലാക്കുന്ന വിവിധപദ്ധതികളുടെ ഉദ്ഘാടനം നടത്താനുള്ള ഹാള്‍ എന്നതിനപ്പുറത്തേക്ക് ഓഫിസ് സമുച്ചയമായി മാറുന്നതിനുള്ള യാതൊരു ഒരുക്കവും കെട്ടിടത്തില്‍ ഇനിയും പ്രകടമല്ല . ആധാര്‍കാര്‍ഡ് എടുക്കല്‍ മാത്രമാണ് ഈ കെട്ടിടത്തില്‍ നടക്കുന്ന ഏക പ്രവൃത്തി . 2005 ലാണ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നത് . പത്തുവര്‍ഷം വേണ്ടിവന്നു പൂര്‍ത്തിയാകാന്‍ . അവസാനവട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാകാതെ 2015 സിസംബറില്‍ ഉദ്ഘാടനം നടത്തി . അന്ന് ബാക്കിവെച്ച പ്രവൃത്തികള്‍ ഇന്നും പൂര്‍ത്തിയാക്കിയിട്ടില്ല. പഴയ നഗരസഭയുടെ കാര്യാലയം അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോഴും പുതിയതിലേക്ക് അതിവേഗം മാറ്റാനുള്ള താല്‍പര്യമെന്നും നിലവിലെ ഭരണസമിതിക്കില്ല. പുതിയ കെട്ടിടത്തിലെ കൗണ്‍സില്‍ ഹാളിന്റെ നിര്‍മാണം ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും നാലോ അഞ്ചോ കൗണ്‍സില്‍ യോഗങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത് . അമ്പത്തിയൊന്നംഗ കൗണ്‍സിലിനെ ഉള്‍കൊള്ളാന്‍ മാത്രമുള്ള വിശാലത ഹാളിനില്ലെന്ന ആക്ഷേപം ആദ്യം മുതലെയുണ്ട് . ഹാളിനകത്ത് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയുണ്ട് . കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ ബാത്‌റൂം സൗകര്യവും നെറ്റ് വര്‍ക്കിങ് സംവിധാനവും ഒരുക്കിയിരുന്നില്ല . അതിപ്പോള്‍ പൂര്‍ത്തിയായി വരികയാണ് .
പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുടെ മാറ്റം പൂര്‍ണമാകണമെങ്കില്‍ ഇനിയും മാസങ്ങളെടുക്കും . ജനുവരിയില്‍ ഓഫിസ് മാറ്റം ഉണ്ടാകുമെന്നാണ് പുതിയ ഭരണസമിതി നേരത്തേ അറിയിച്ചിരുന്നത് . നിലവിലെ സാഹചര്യത്തില്‍ ഇത് നടക്കില്ല . നഗരസഭാ കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ പൊതുജനങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നശേഷം ചില നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയിരുന്നു . നോട്ട് പ്രതിസന്ധി കാരണം നിര്‍മാണം പൂര്‍ത്തിയാക്കാനാവുന്നില്ലെന്നാണ് ഭരണസമിതിയുടെ ഇപ്പോഴുള്ള പ്രതികരണം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."