അളക്കാനുള്ളത് ദുരിതം മാത്രം; പ്രതിസന്ധി തീരാതെ ക്ഷീര കര്‍ഷകര്‍
മലപ്പുറം: ക്ഷീരമേഖലയെ സ്വയം പര്യാപ്തതയിലെത്തിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി പരാജയത്തിലേക്ക്. ക്ഷീരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്ന കന്നുകുട്ടി പരിപാലന പദ്ധതി നിലച്ചിട്ടു മൂന്നു മാസം പിന്നിട്ടു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ ഫീല്‍ഡ് കമ്പനിയാണ് കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ നല്‍കിയിരുന്നത്. എന്നാല്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ കാലിത്തീറ്റയുടെ ഉല്‍പാദനം നിര്‍ത്തിവച്ചത് ഈ പദ്ധതിയിലുള്‍പ്പെട്ടിരുന്ന ക്ഷീരകര്‍ഷകര്‍ക്കു വന്‍ തിരിച്ചടിയായിയിരിക്കുകയാണ്. ജില്ലയില്‍ അറുനൂറോളം ഫാമുകളും പതിനായിരത്തോളം വരുന്ന ക്ഷീര കര്‍ഷകരുമുണ്ട്. പദ്ധതി മുടങ്ങിയതുമൂലം ഈ കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണു കന്നുകുട്ടി പരിപാലന പദ്ധതി പഞ്ചായത്തുതലങ്ങളില്‍ നടപ്പാക്കുന്നത്.
നാലു മാസത്തിനും ആറു മാസത്തിനുമിടയില്‍ പ്രായമുള്ള കന്നുകുട്ടികളെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരഞ്ഞെടുത്തു മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്‍ഷ്വര്‍ ചെയ്യും. തുടര്‍ന്ന് ഇത്തരം കന്നുക്കുട്ടികള്‍ക്ക് എല്ലാ മാസവും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യത്തെ ആറു മാസംവരെ 45 കിലോഗ്രാം കാലിത്തീറ്റയും ആറു മാസത്തിനുശേഷം അറുപതു കിലോയും കുറച്ചു മാസങ്ങള്‍ക്കു ശേഷം പ്രസവിക്കുന്നതുവരെയോ 32 മാസം പ്രായമാകുന്നതുവരെയോ 75 കിലോഗ്രാം കാലിത്തീറ്റയും സബ്‌സിഡിനിരക്കില്‍ നല്‍കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതുമൂലം ഈ വിലയ്ക്കു കാലിത്തീറ്റ നല്‍കാനാകില്ലെന്നാണു കമ്പനികളുടെ നിലപാട്. സര്‍ക്കാര്‍ തുക കൂട്ടാതെ കന്നുക്കുട്ടി പരിപാലന പദ്ധതി പ്രകാരം കാലിത്തീറ്റ വിതരണം ചെയ്യില്ലെന്നും കമ്പനികള്‍ പറയുന്നു.
നിലവിലെ നോട്ട് പ്രതിസന്ധി മൂലം ക്ഷീരോല്‍പാദക സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. നോട്ടു പ്രശ്‌നം വന്നതിനുശേഷം പാല്‍ വിറ്റതിന്റെ മുഴുവന്‍ തുകയും ലഭിച്ചില്ലെന്നും കര്‍ഷകര്‍ പറയുന്നു. മാസത്തില്‍ മൂന്നു തവണയാണ് സംഘങ്ങളില്‍നിന്ന് ഇവര്‍ക്കു പണം നല്‍കിയിരുന്നത്. എന്നാല്‍, ബാങ്കില്‍നിന്നു കൂടുതല്‍ തുക പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ തുച്ഛമായ തുകയാണ് ക്ഷീരോല്‍പാദക സംഘങ്ങളില്‍നിന്നു കര്‍ഷകര്‍ക്കു ലഭിക്കുന്നത്.
റബര്‍ കൃഷി ലാഭകരമല്ലാതായതോടെ മലയോര മേഖലയിലെ നിരവധി കര്‍ഷകരാണ് ക്ഷീരകൃഷി ഉപജീവനമാര്‍ഗമായി തെരെഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍, നിലവിലെ പ്രതിസന്ധിക്കു മുന്നില്‍ തളര്‍ന്നിരിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍. ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ക്ഷീരവികസന വകുപ്പും ഉല്‍പാദന സംഘങ്ങളും മൃഗസംരക്ഷണ വകുപ്പും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, പരിഹാരമൊന്നുമുണ്ടായില്ല. അടുത്ത ദിവസം ജില്ലയിലെത്തുന്ന മന്ത്രിയെ നേരിട്ട് പരാതി ബോധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."