ഡിജിറ്റല്‍ പണമിടപാട്: ജില്ലയില്‍ 7007.14 കോടിയുടെ നിക്ഷേപ വര്‍ധനവ്
കോട്ടയം: ഡിജിറ്റല്‍ പണമിടപാട് വന്നതോടെ ജില്ലയില്‍ 7007.14 കോടിയുടെ നിക്ഷേപ വര്‍ധനവുണ്ടായി. ബാങ്കുകളുടെ ജില്ലാതല അവലോകനത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് അനുസരിച്ചാണിത്.
നോട്ട്് അസാധുവാക്കല്‍ മൂലമുണ്ടായ അസൗകര്യങ്ങളില്‍ ജില്ലയിലെ ബാങ്കുകളും ജനങ്ങളും ഒരുപോലെ സഹിഷ്ണുത പുലര്‍ത്തിയെന്ന് ഹോട്ടല്‍ അര്‍ക്കാഡിയയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്ത ജോസ് കെ. മാണി എം.പി അഭിപ്രായപ്പെട്ടു. ജില്ലയില്‍ വായ്പകളില്‍ ഉണ്ടായ കുറവ് പരിഹരിക്കുന്നതിന് ബാങ്കുകള്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തിക്കണം.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില കുറയുന്ന സന്ദര്‍ഭത്തിലാണ് കര്‍ഷകന് ബാങ്കുകളുടെ സഹായം ഉണ്ടാകേണ്ടത്.
എന്നാല്‍ അഗ്രിക്കള്‍ച്ചര്‍ വിഭാഗത്തില്‍ 22.71 ശതമാനം ക്രോപ്പ്‌ലോണുകള്‍ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. വിദ്യാഭ്യാസ ലോണുകളും അനുഭാവപൂര്‍വം പരിഗണിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയണമെന്ന് എം.പി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ നിക്ഷേപം 29074.80 കോടി ആയിരുന്നു. ഈ വര്‍ഷം അത് 36082.26 കോടിയാണ്. എന്നാല്‍ വായ്പയുടെ വളര്‍ച്ചാനിരക്കിലും നിക്ഷേപ വായ്പാ അനുപാതത്തിലും കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 17932.94 കോടിയാണ് ജില്ലയില്‍ വായ്പ നല്‍കിയിട്ടുള്ളത്. ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ 49.70 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് യഥാക്രമം 16721.55 കോടിയും 58 ശതമാനവുമായിരുന്നു.
വ്യവസായ, ടൂറിസം മേഖലകളില്‍ നിന്നുള്ള ലോണുകള്‍ കുറഞ്ഞത് വായ്പാ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപിപ്പിക്കാന്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു.
സംരംഭകത്വം തടസപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്ന വിവിധ വകുപ്പുകള്‍ പ്രോജക്ടുകള്‍ ബാങ്കിലേയ്ക്ക് അയച്ച് വായ്പകള്‍ അനുവദിപ്പിക്കുന്ന രീതി തുടരണമെന്നും ഇപ്പോള്‍ മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകള്‍ മാത്രമാണ് പ്രോജക്ടുകള്‍ അയയ്ക്കുന്നതെന്നും സമിതി വിലയിരുത്തി.
തുടര്‍ന്ന് വിവിധ സ്‌കീമുകളുടെ അവലോകനം നടത്തി. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ. എസ്. സാവിത്രി അധ്യക്ഷയായി.
എസ്.ബി.ടി ഡെപ്യൂട്ടി മാനേജര്‍ വിനായക് എല്‍. കൈസറെ മുഖ്യപ്രഭാഷണം നടത്തി. ആര്‍.ബി.ഐ എല്‍.ഡി.ഒ സി. ജോസഫ് അവലോകനത്തിന് നേതൃത്വം നല്‍കി. നബാഡ് ഡി.ഡി.എം ഷാജി സക്കറിയ, ലീഡ് ബാങ്ക് മാനേജര്‍ സി.വി ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി മാനേജര്‍ മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."