കാര്‍ കണ്ടെത്തിയത് ഊര്‍ജിത അന്വേഷണത്തില്‍
ശ്രീകണ്ഠപുരം: മടമ്പത്ത് കഴിഞ്ഞ എട്ടിന് രാത്രി വാഹനമിടിച്ച് അബോധാവസ്ഥയിലാവുകയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കവേ 21നു മരണമടയുകയും ചെയ്ത കണിയാര്‍വയല്‍ തുമ്പേനിയിലെ ഗോപി(68)യുടെ മരണത്തിനിടയാക്കിയ കാര്‍ കണ്ടെത്തിയത് ഡിവൈ.എസ്.പിയുടെ ഊര്‍ജിത അന്വേഷണത്തില്‍. ആശുപത്രിയില്‍ ഗോപിയെ കാണാന്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്.
ഗോപിയെ ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ദൃക്‌സാക്ഷിയായ ഒരാള്‍ ഇടിച്ചത് കാറാണെന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ ഗോപിയെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. ആശുപത്രിയിലെ ഇതര രോഗികളുടെ ബന്ധുക്കളും മറ്റുമാണ് സഹായം നല്‍കിയിരുന്നത്. അതിനിടയില്‍ ഒരാള്‍ ഗോപിയെ കാണാന്‍ ആശുപത്രിയിലെത്തി.ഗോപിയുടെ നാട്ടുകാരനാണെന്നും കഴിഞ്ഞ ദിവസം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടതറിയുന്നതെന്നുമാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. അമിര്‍ എന്നു പേരു പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങാനുള്ള കുറിപ്പടി നല്‍കിയപ്പോള്‍ ഗോപിയുടെ ബന്ധുക്കള്‍ ഇപ്പോള്‍ എത്തുമെന്ന് അവര്‍ വശം മരുന്ന് നല്‍കാമെന്നും പറഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു.
ഗോപി മരിച്ചതിനെ തുടര്‍ന്ന് ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം താന്‍ ഉടന്‍ എത്തുമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. ഗോപിയുടെ മരണശേഷം ഈ സന്ദര്‍ശകനെ കുറിച്ചന്വേഷിച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ ഡിവൈ.എസ്.പി നിര്‍ദേശം നല്‍കി. പൊലിസിന്റെ ചോദ്യം ചെയ്യലിലാണ് അപകടം വരുത്തിയ കാറുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് മനസിലായത്. അപകടശേഷം സ്ഥിതിഗതികളറിയാനാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി റോഡില്‍ ഓടത്ത് പാലത്തിന് സമീപം കാര്‍ വീടിന്റെ പുറകില്‍ ഒളിപ്പിച്ചു വച്ചത് പൊലിസ് കണ്ടെത്തിയത്. അപകടത്തില്‍ ഗോപിയുടെ തലയിടിച്ച് കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നിരുന്നു. ഷമീന എന്നാണ് കാറിന്റെ ആര്‍.സി ഉടമയുടെ പേര്. ഷക്കീല്‍ എന്നയാളാണ് കാര്‍ ഓടിച്ചിരിന്നത്. കെ.എല്‍ 59 ഇ 9384 ആള്‍ട്ടോ കാറാണ് ശ്രീകണ്ഠപുരം സി.ഐയുടെ ചുമതല വഹിക്കുന്ന ആലക്കോട് സി.ഐ സുരേശന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. കാറോടിച്ചയാളോടും ഉടമയോടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."