റെയില്‍പാത വൈദ്യുതീകരണ: ചെറുവത്തൂര്‍ സബ് സ്റ്റേഷന് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകും
ചെറുവത്തൂര്‍: ഷൊര്‍ണ്ണൂര്‍-മംഗളുരു റെയില്‍പാതയില്‍ വൈദ്യുതീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാകും. ചെറുവത്തൂര്‍ സബ് സ്റ്റേഷന് നിര്‍മാണം ജനുവരി പകുതിയോടെ പൂര്‍ത്തിയാകും. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നാണു വൈദ്യുതി വകുപ്പിന്റെ സഹകരണത്തോടെ സബ് സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുന്നത്. കണ്ണാടിപ്പാറ 110 കെ.വി സബ് സ്റ്റേഷനില്‍ നിന്നാണു വൈദ്യുതി എത്തിക്കുന്നത്. ഇതിനായി ഭൂഗര്‍ഭ കേബിളുകള്‍ വലിക്കുന്ന ജോലി അന്തിമഘട്ടത്തിലെത്തി.
21 മെഗാവാട്ടിന്റെ രണ്ടു ട്രാന്സ്ഫോര്മറോടു കൂടിയ സബ് സ്റ്റേഷനാണു ചെറുവത്തൂരില്‍ നിര്‍മിക്കുന്നത്. ഷൊര്‍ണൂര്‍-മംഗളൂരു റെയില്‍വേ പാതയില്‍ 306 കിലോമീറ്റര്‍ ദൂരത്തിലാണു വൈദ്യുതീകരണ പ്രവൃത്തികള്‍ നടക്കേണ്ടത്. ഇതില്‍ ചെറുവത്തൂര്‍ വരെയുള്ള 223 കിലോ മീറ്റര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിരുന്നു.
കല്ലായി മുതല്‍ ചെറുവത്തൂര്‍ വരെയുള്ള പാതയില്‍ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പരീക്ഷണയോട്ടം നടന്നത്. എന്നാല്‍ ഇതുവരെയായും യാത്രാ വണ്ടികള്‍ വൈദ്യുതി ഉപയോഗിച്ച് ഈ പാതയിലൂടെ കടന്നു പോയിട്ടില്ല.
ചെറുവത്തൂര്‍-മംഗളൂരു വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ. ഈ പാതയില്‍ ചെറുവത്തൂരിനു പുറമെ ഉപ്പള, പനമ്പൂര്‍ എന്നിവിടങ്ങളിലും 110 കെ.വി സബ് സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതില്‍ ഉപ്പളയിലെ സബ് സ്റ്റേഷന് നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു കണക്കു കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."