ജെ.എന്‍.യുവില്‍ എട്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ഗവേഷണ വിഷയങ്ങളിലേക്കുള്ള പ്രവേശനത്തില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച എട്ട് വിദ്യാര്‍ഥികളെ ജെ.എന്‍.യുവില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അക്കാദമിക് കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയെന്ന പേരിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ദലിത്, ന്യൂനപക്ഷ വിദ്യാര്‍ഥികളടങ്ങുന്ന ബിര്‍സ അംബേദ്ക്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ബാപ്‌സ), നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍.എസ്.യു.ഐ) നേതാക്കളാണു നടപടിക്കിരയായവരില്‍ മിക്കവരും. ബാപ്‌സ നേതാക്കളായ രാഹുല്‍ സോന്‍പിമ്പിള്‍, പ്രവീണ്‍ തല്ലപ്പെല്ലി, ശക്കീല്‍ അന്‍ജും, ദവാ ഷെര്‍പ, ദിലീപ് യാദവ്, മുലായം സിങ്, ദിലീപ് കുമാര്‍, വീരേന്ദ്ര, പ്രശാന്ത് നിഹാല്‍ എന്നിവരാണു നടപടിക്കിരയായത്.
പി.എച്ച്.ഡി, എംഫില്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ നിലവിലുണ്ടായിരുന്ന സംവരണം അട്ടിമറിച്ച് വൈവ പ്രധാന യോഗ്യതയായി നിശ്ചയിച്ച അക്കാദമിക്ക് കൗണ്‍സിലിന്റെ നീക്കത്തിലാണു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. എഴുത്തുപരീക്ഷക്ക് 70 ശതമാനവും വൈവക്ക് 30 ശതമാനവുമായിരുന്നു ഇതുവരെ ജെ.എന്‍.യുവില്‍ ഗവേഷണ വിഷയങ്ങളിലേക്കുള്ള പ്രവേശനത്തിന് മാര്‍ക്ക് നിശ്ചയിച്ചിരുന്നത്. ഇതു തിങ്കളാഴ്ച നടന്ന അക്കാദമിക് കൗണ്‍സിലില്‍ എടുത്തുകളയുകയും വൈവ മാത്രം യോഗ്യതയായി നിശ്ചയിക്കുകയുമായിരുന്നു. വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നുമുള്ള കടുത്ത പ്രതിഷേധത്തിനിടെയാണു പുതിയ നടപടി.
തിങ്കളാഴ്ച നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിനിടയിലേക്കു പ്രതിഷേധവുമായെത്തി യോഗം അലങ്കോലപ്പെടുത്തിയതിനാണു നടപടി. കഴിഞ്ഞ ദിവസം നിശ്ചയിച്ച കമ്മിറ്റി വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതു വരെ നടപടി തുടരും. ഗവേഷണ കോഴ്‌സുകളിലേക്കുള്ള സംവരണം അട്ടിമറിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ചും അധ്യാപക തസ്തികയില്‍ ഒ.ബി.സി, എസ്.സിഎസ്.ടി സംവരണം നടപ്പാക്കണമെന്നും യൂനിവേഴ്‌സിറ്റിയില്‍നിന്നു കാണാതായ നജീബിനെ ആക്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടും ബാപ്‌സ, എന്‍.എസ്.യു.ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂനിയന്‍(ഡി.എസ്.യു) വിദ്യാര്‍ഥികള്‍ യോഗത്തിലേക്കു പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."