ഐ.ഐ.എം.സിയില്‍ അധ്യാപകനെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ദലിത് തൊഴിലാളികളെ സ്ഥാപനത്തില്‍നിന്നു പുറത്താക്കുന്നതിനെതിരേ പ്രതികരിച്ചതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍(ഐ.ഐ.എം.സി) ഡല്‍ഹി കാംപസില്‍നിന്ന് അധ്യാപകനെ പുറത്താക്കി. 2010 മുതല്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കാദമിക്ക് അസോഷ്യേറ്റ് ആയി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നരേന്ദ്ര സിങ് റാവുവിനെയാണു സ്ഥാപനത്തില്‍നിന്നു പുറത്താക്കിയത്. സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നു പറഞ്ഞ് കാംപസിനകത്തു പ്രവേശിക്കുന്നതിനും അദ്ദേഹത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനത്തില്‍ ജോലിക്കാരായ 25ഓളം ദലിത് തൊഴിലാളികളെ പുറത്താക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ നരേന്ദ്ര സിങ് ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനു പുറമെ, അയോഗ്യയായ ഒരു വനിതയെ കോഴ്‌സ് ഡയരക്ടറുടെ സ്ഥാനത്തേക്കു നിയമിച്ചതിനെതിരേയും റാവു വിമര്‍ശിച്ചു. ഇതാണ് പുതിയ നടപടിയിലേക്കു നയിച്ചതെന്നാണ് നരേന്ദ്ര സിങ്ങുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍, കാരണങ്ങളൊന്നുമില്ലാതെ തൊഴിലാളിയെ പിരിച്ചുവിടാന്‍ സ്ഥാപനത്തിന് അധികാരമുണ്ടെന്നും സര്‍വിസ് കരാര്‍ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നുമാണ് അധികൃതര്‍ പറയുന്നത്. കാംപസിനകത്ത് നരേന്ദ്ര സിങ് അച്ചടക്കരാഹിത്യം പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ ആരോപിച്ചു.
കഴിഞ്ഞ 21നാണ് സ്ഥാപനത്തില്‍നിന്നു പിരിച്ചുവിട്ടുള്ള വിവരം അറിയിച്ചുകൊണ്ട് നരേന്ദ്ര സിങ്ങിന് ഐ.ഐ.എം.സി അധികൃതരുടെ കത്ത് ലഭിച്ചത്. നോട്ടിസ് ലഭിച്ച മാസത്തിലെ ശമ്പളം അദ്ദേഹത്തിനു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ, രോഹിത് വെമുല, ജെ.എന്‍.യു, എഫ്.ടി.ഐ.ഐ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടതിന്റെ പേരില്‍ ഐ.ഐ.എം.സിയില്‍ അസോഷ്യേറ്റ് പ്രൊഫസറായിരുന്ന അമിത് സെന്‍ഗുപ്തയെ ഒഡിഷ കാംപസിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതേതുടര്‍ന്ന് സെന്‍ഗുപ്ത സ്ഥാപനത്തില്‍നിന്നു രാജിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."