ആജീവനാന്ത പ്രസിഡന്റ് നിയമനത്തിനെതിരേ രൂക്ഷ വിമര്‍ശനം; സ്ഥാനം ഏറ്റെടുക്കില്ലെന്ന് കല്‍മാഡി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് സുരേഷ് കല്‍മാഡി. നിയമനത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് കല്‍മാഡി പറഞ്ഞത്. ഇത്തരമൊരു പദവി തനിക്ക് നല്‍കിയതില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നന്ദി പറയുന്നു. എന്നാല്‍ ഇത്തരമൊരവസ്ഥയില്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നതില്‍ ശരിയല്ലെന്ന് ഐ.ഒ.എ പ്രസിഡന്റ് എന്‍. രാമചന്ദ്രന് അയച്ച കത്തില്‍ കല്‍മാഡി വ്യക്തമാക്കി.
നേരത്തെ കേന്ദ്ര കായിക മന്ത്രാലയം കല്‍മാഡിയുടെ നിയമനത്തെ തുടര്‍ന്ന് ഐ.ഒ.എയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസയച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന് വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഐ.ഒ.എ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗത്താലയെയും ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തത്.
നിയമനത്തിന് ശേഷം വിവിധ കോണുകളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ നിയമനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കല്‍മാഡിയുടെ അഭിഭാഷകന്‍ ഹിതേഷ് ജെയ്ന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കുന്നതുവരെ കല്‍മാഡി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഹിതേഷ് പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഐ.ഒ.എയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇത്തരം നടപടികളെ തുടര്‍ന്നാണ് ഐ.ഒ.എയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതിനാല്‍ നിയമനത്തെ അംഗീകരിക്കാനാവില്ല. ഇവരെ പുറത്താക്കുന്നതു വരെ ഐ.ഒ.എയുമായുള്ള യാതൊരു വിധ ഇടപാടും നടത്തില്ലെന്ന് ഗോയല്‍ പറഞ്ഞു.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയും തീരുമാനത്തെ ശക്തമായി എതിര്‍ത്തു. അഭയ് ചൗത്താലയെ പുറത്താക്കിയില്ലെങ്കില്‍ ഐ.ഒ.എയില്‍ നിന്ന് രാജിവയ്ക്കുമെന്ന് ബത്ര പറഞ്ഞു.
അതേസമയം ഐ.ഒ.എയുടെ തീരുമാനത്തെ ഹരിയാന നിയമസഭാംഗം കൂടിയായ അഭയ് ചൗത്താല ന്യായീകരിച്ചു. ഹരിയാനയിലെ കായിക വികസനത്തിനായി താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ചൗത്താല പറഞ്ഞു. തനിക്കെതിരേ വിമര്‍ശനമുന്നയിച്ച വിജയ് ഗോയല്‍ മന്ത്രിയെന്ന നിലയില്‍ പരാജയമാണെന്നും ചൗത്താല കൂട്ടിച്ചേര്‍ത്തു.
മുന്‍ ലോക്‌സഭാംഗമായ സുരേഷ് കല്‍മാഡി 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ അറസ്റ്റിലായിട്ടുണ്ട്. 10 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തില്‍ ചൗത്താലയ്‌ക്കെതിരേ സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്. ഹരിയാന ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ചൗത്താല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."