കേരളത്തിന് വേണ്ടത് സ്‌പോര്‍ട്‌സ് മോണിറ്ററിംഗ് സംവിധാനം: ജോണ്‍ പവ്വല്‍
ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാട് കായിക വളര്‍ച്ചയ്ക്ക് അത്യുത്തമമെന്ന് ജോണ്‍ പവ്വല്‍. ഒഴിവുകാലം ആസ്വദിക്കാന്‍ ഇന്ത്യയില്‍ ആദ്യമായെത്തിയ റോയല്‍ ലൈഫ് ബോട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്റര്‍നാഷനല്‍ പ്രോഗ്രാം മാനേജര്‍ ജോണ്‍ പവ്വല്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഒളിമ്പ്യനും അമേരിക്കയുടെ ദേശീയ നീന്തല്‍ താരവും കൂടിയാണ് പവ്വല്‍. തലസ്ഥാന നഗരിയില്‍ നിന്നും ഇന്നലെ രാവിലെ പുന്നമടയില്‍ കായല്‍ ദൃശ്യങ്ങള്‍ ആസ്വദിക്കാനെത്തിയപ്പോഴാണ് ജോണ്‍ പവ്വല്‍ കായിക കേരളത്തിന്റെ ഭാവിയെ കുറിച്ച് മനസുതുറന്നത്.
രാഷ്ട്രീയ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ കേരള ഏജന്‍സിയായ ബേ ലൈഫിന്റെ മുഖ്യസംഘാടകരായ ടോം ജോസഫും കയാക്കിംഗ് അന്തര്‍ദേശീയ താരം കെ.എസ് റെജിയും ചേര്‍ന്ന് പവ്വലിനെ സ്വീകരിച്ചു. കായികമായി ഏറെ വിഭവങ്ങളുള്ള നാടാണ് കേരളം. നദികളും കടലും കുന്നുകളും മലകളും വേണ്ടവണ്ണം ഉപയോഗിച്ചാല്‍ ഇവിടെനിന്നു തന്നെ ലോകത്തിന്റെ നെറുകയിലെത്തുന്ന താരങ്ങളെ സൃഷ്ടിക്കാന്‍ കഴിയും. മറ്റുരാജ്യങ്ങള്‍ ഇത്തരം സംവിധാനങ്ങള്‍ക്കുവേണ്ടി മാസങ്ങളോളം താരങ്ങളെ പുറത്തുവിട്ട് പരിശീലിപ്പിക്കുകയാണ്. കേരളം ഈ സംവിധാനങ്ങളെ കുറിച്ച് മനസിലാക്കുന്നില്ല. ശക്തമായ സ്‌പോര്‍ട്‌സ് മോണിറ്ററിംഗ് സംവിധാനമാണ് കേരളത്തിന് ആവശ്യം.
പരിചയസമ്പന്നരെ ഉപയോഗിക്കണം. രാഷ്ട്രീയ അതിപ്രസരം പാടില്ല. കായിക ഉന്നമനത്തിന് ഒറ്റക്കെട്ടായി നില്‍ക്കണം. ലോകരാഷ്ട്രങ്ങളെല്ലാം കായികവളര്‍ച്ചയ്ക്ക് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്.
കായികമേഖലയില്‍ അരക്ഷിതാവസ്ഥയും അഴിമതി അടക്കമുള്ള കാര്യങ്ങളും നിറഞ്ഞുനില്‍ക്കുന്നു. മികച്ച ജല സ്രോതസുകളാണ് കേരളത്തിന്റെ പുണ്യം. ഇവ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തിയാല്‍ ലോകത്ത് ഒരു ശക്തിക്കും ജലകായിക രംഗത്ത് ഇന്ത്യയെ പിന്തള്ളാന്‍ കഴിയില്ല.
അവസരം ലഭിച്ചാല്‍ കേരളത്തിന്റെ കായികാഭിവൃദ്ധിക്കുവേണ്ടിയുള്ള സാങ്കേതിക നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്യാന്‍ തയാറാണെന്നും പവ്വല്‍ പറഞ്ഞു. 30ന് പവ്വല്‍ ഇന്ത്യവിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."