കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കിയാല്‍ മലയോര കര്‍ഷകരുടെ ദുരിതമകലും
വാണിമേല്‍: ഗ്രാമപഞ്ചായത്തിലെ വിലങ്ങാട് മലയോരം സ്വാഭാവിക നീരുറവകളാലും ജലപദ്ധതികളാലും സമൃദ്ധമാണ്. എന്നാല്‍ വരള്‍ച്ചാ കാലമായാല്‍ ഇവിടുത്തെ കര്‍ഷകര്‍ വെള്ളവുമായെത്തുന്ന വാഹനങ്ങളെ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മൂന്ന് കുടിവെള്ള പദ്ധതികളാണ് ഒരുതുള്ളി വെള്ളം പോലും നല്‍കാതെ പാതി വഴിയില്‍ മുടങ്ങി നില്‍ക്കുന്നത്. എല്ലാം സ്വാഭാവിക സ്രോതസുകളില്‍ നിന്ന് ജലം ശേഖരിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ളതാണ്.
ഒന്‍പതു വര്‍ഷം മുന്‍പാണ് വിലങ്ങാട് ചെത്തുള്ള പൊയില്‍ പദ്ധതിക്ക് തുടക്കമിടുന്നത്. പേര് 'ജലസേചനം' എന്നാണെങ്കിലും ഉദ്ദേശം കുടിവെള്ളമായിരുന്നു. എഴുപതു വീടുകളെയാണ് ഗുണഭോക്താക്കളായി കണക്കാക്കിയിരുന്നത്. ഇതിനായി കിണര്‍ കുഴിച്ച് മോട്ടോറും ഘടിപ്പിച്ചു. 50,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കും പണികഴിപ്പിച്ചു. പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ ചെലവഴിച്ചു. ഗുണഭോക്തൃ വിഹിതമായി ജനങ്ങളില്‍ നിന്ന് മൂന്നരലക്ഷവും പിരിച്ചെടുത്തു. ഇതിനൊക്കെ പുറമെ പ്രദേശവാസികളുടെ കഠിനാധ്വാനവുമുണ്ടായിരുന്നു.
ഒടുവില്‍ പ്രവൃത്തി പൂര്‍ത്തിയായപ്പോള്‍ പൈപ്പുകള്‍ കടന്നുപോയത് ടാങ്കിന് മുകളിലൂടെയായിരുന്നു. ഇതോടെ പദ്ധതികൊണ്ട് ആര്‍ക്കും ഗുണമില്ലാതായി. ഈ പദ്ധതി യഥാവിധി പൂര്‍ത്തിയാകാത്തതിനാല്‍ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്വപ്നമാണ് വിഫലമായത്.
തൊട്ടടുത്ത ചെറിയപാനോം കുടിവെള്ള പദ്ധതിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് എട്ടര ലക്ഷം രൂപ ചെലവിട്ട പദ്ധതി കിണര്‍ കുഴിച്ചു മോട്ടോര്‍ സ്ഥാപിച്ചതല്ലാതെ തുടര്‍ന്ന് മുന്നോട്ടുപോയില്ല. കാല്‍ നൂറ്റാണ്ട് മുന്‍പാണ് അന്നത്തെ എം.എല്‍.എ സത്യന്‍ മൊകേരിയുടെ ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ മുടക്കി വലിയപാനോം കുടിവെള്ള പദ്ധതിക്ക് തുടക്കമിടുന്നത്. നാലര കിലോ മീറ്ററോളം പി.വി.സി പൈപ്പും സ്ഥാപിച്ചു. സ്വാഭാവിക നീരുറവ സമാഹരിച്ച് 100 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. ഈ പദ്ധതിയും ജനങ്ങളിലേക്കെത്തിയില്ല.
ലക്ഷങ്ങള്‍ മുടക്കി ആവേശത്തോടെ തുടക്കം കുറിച്ച കുടിവെള്ള പദ്ധതികളൊക്കെ പാതി വഴിയില്‍ കിടക്കുകയാണ്. കൂടാതെ ഹോസുകള്‍ ഉപയോഗിച്ചു ശേഖരിക്കപ്പെടുന്ന നീരുറവയും അശ്രദ്ധമായും അലക്ഷ്യമായും ഉപയോഗിക്കുന്നതു കാരണം വെള്ളം ഉപയോഗ്യമല്ലാതെ പരന്നൊഴുകുന്നു.
പദ്ധതികള്‍ പൂര്‍ണമാക്കി പാഴാകുന്ന വെള്ളം പിടിച്ചുനിര്‍ത്താനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചാല്‍ മാത്രമേ ജലക്ഷാമം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."