വീടുകള്‍ കുത്തിതുറന്ന് മോഷണ ശ്രമം
വടക്കാഞ്ചേരി: എങ്കക്കാട് പടിഞ്ഞാറ്റു മുറിയില്‍ ആളൊഴിഞ്ഞ രണ്ട് വീടുകള്‍ കുത്തി പൊളിച്ച് മോഷണ ശ്രമം. മുല്ലയ്ക്കല്‍ ദാമോധരന്‍, കല്ലത്താണിയ്ക്കല്‍ അബ്ദുള്‍ ഹക്കീം എന്നിവരുടെ വീടുകളുടെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയിട്ടുള്ളത്. ഇരു വീടുകളിലേയും, മുഴുവന്‍ വാതിലുകളും തകര്‍ത്ത മോഷ്ടാക്കള്‍ വീടിനുള്ളിലെ സാധന സാമഗ്രികള്‍ വലിച്ച് വാരിയിട്ട നിലയിലാണ്. ഹക്കീം ഏതാനും വര്‍ഷങ്ങളായി വിദേശത്താണ്. ദാമോധരന്റെ വീട്ടുകാര്‍ രണ്ട് ദിവസം മുമ്പ് എറണാകുളത്തുള്ള ബന്ധുവീട്ടില്‍ പോയതാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലിസ് തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. അതിനിടെ ഒരു ഇടവേളക്ക് ശേഷം വടക്കാഞ്ചേരി മേഖലയില്‍ തുടര്‍ച്ചയായി മോഷണം റിപ്പോര്‍ട്ട് ചെയ്തത് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗേള്‍സ് ഹൈസ്‌കൂള്‍ പരിസരത്ത് തുണി വ്യാപാരിയുടെ ഫ്‌ളാറ്റില്‍ മോഷണം നടന്നിരുന്നു. ഇതിന് പുറകെയാണ് എങ്കക്കാട് മേഖലയില്‍ നിന്ന് മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിദഗ്ധ സംഘത്തിലെ കണ്ണികളാണ് എങ്കക്കാട് മേഖലയില്‍ മോഷണത്തിനെത്തിയതെന്നാണ് നിഗമനം. അതി വിദഗ്ധമായാണ് വീടുകളുടേയും, ഗെയ്റ്റിന്റേയുമൊക്കെ പൂട്ടുകള്‍ തകര്‍ത്തിട്ടുള്ളത്. ഇതിനാവശ്യമായ കട്ടറും മറ്റ് ഉപകരണങ്ങളുമുള്ള സംഘാംഗങ്ങളാണ് മോഷണത്തിന് പിന്നിലെന്നും ജനങ്ങള്‍ സംശയിക്കുന്നു. എല്ലാ സാധ്യതകളും പരിഗണിക്കുമെന്നാണ് പൊലിസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."