ബിന്യാമിന്‍ നെതന്യാഹുവിനെതിരേ ക്രിമിനല്‍ കേസിന് ഉത്തരവ്
ജറൂസലം: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിനെതിരേയുള്ള രണ്ട് കേസുകളില്‍ അന്വേഷണം നടത്താന്‍ പൊലിസിന് അറ്റോണി ജനറലിന്റെ അനുമതി.
ഇസ്‌റാഈല്‍ ടി.വി ചാനലായ 10 ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നീതിന്യായ മന്ത്രാലയ വക്താവ് വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല.
ഏതെല്ലാം കേസുകളിലാണ് നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അറ്റോണി ജനറല്‍ അവിഹായ് മണ്ടല്‍ബില്‍റ്റിനെ ഉദ്ധരിച്ചാണ് ടി.വി റിപ്പോര്‍ട്ട്.
ജര്‍മനിയില്‍ നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങിയ ഇടപാടില്‍ നെതന്യാഹു വന്‍ അഴിമതി നടത്തിയതായി വാര്‍ത്തവന്നിരുന്നു. നെതന്യാഹുവിന്റെ അഭിഭാഷകന്റെ താത്പര്യപ്രകാരമായിരുന്നു ഇത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നെതന്യാഹുവിനെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 1997 ലും ആരോപണമുയര്‍ന്നെങ്കിലും തെളിവില്ലാത്തതിനാല്‍ കേസെടുത്തില്ല. അന്തര്‍വാഹിനി അഴിമതിയില്‍ നെതന്യാഹുവിനെ സംശയിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ താന്‍ ഒരു കുറ്റത്തിലും പങ്കാളിയല്ലെന്ന് നെതന്യാഹു വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലിലെ നിരവധി ആളുകളും ഇതാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെതന്യാഹു പൊതുഫണ്ട് ഉപയോഗിച്ച് വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നാണ് പരാതി. 2000 ല്‍ ആരോപണം ഇസ്‌റാഈല്‍ പൊലിസ് അന്വേഷിച്ചെങ്കിലും കേസെടുക്കാനുള്ള തെളിവ് ലഭിച്ചില്ല. നെതന്യാഹുവിന്റെ ഭാര്യ സാറയും അഴിമതി ആരോപണത്തില്‍പ്പെട്ടു. 60,000 യൂറോ വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ കൈപ്പറ്റിയെന്നാണ് കേസ്.
പ്രധാനമന്ത്രിയുടെ വസതിയില്‍ അഴിമതി നടത്തിയെന്നും ജോലിക്കാരിയെ മര്‍ദിച്ചുവെന്നുമുള്ള കേസും കഴിഞ്ഞ മെയില്‍ സാറക്കെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ സാറയും നെതന്യാഹുവും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നു. എന്നാല്‍ കേസ് അന്വേഷണം നിര്‍ത്താന്‍ പൊലിസ് തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."