റവന്യൂ അധികൃതരുടെ ഒത്താശ ഏക്കര്‍ കണക്കിന് സ്ഥലത്ത് അനധികൃത മണ്ണ് നീക്കല്‍
പനമരം: അഞ്ചുകുന്ന് വില്ലേജിലെ ഒന്നാം മൈലില്‍ ആരംഭിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മറവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വന്‍ തോതില്‍ മരങ്ങള്‍ മുറിച്ച് മാറ്റി ഭൂമി തട്ട് തിരിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ റവന്യൂ വകുപ്പിന്റെ ഒത്താശയെന്ന് ആക്ഷേപം ഉയരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് അഞ്ചുകുന്ന് ഒന്നാം മൈലില്‍ റോഡിനോട് ചേര്‍ന്ന തോട്ടത്തില്‍ മരം മുറിക്കല്‍ ആരംഭിച്ചിരുന്നു. സിമന്റ് മിക്‌സിങ് യൂനിറ്റ് ആരംഭിക്കാന്‍ എന്ന വ്യാജേനയാണ് മൂന്ന് ഏക്കറോളം സ്ഥലത്തെ മരങ്ങളും മണ്ണും നിരത്തിയത്. കുന്നിടിച്ച് നിരത്തി പ്ലാന്റിലേക്ക് കരിങ്കലും ടാറും അത്യാധുനിക യന്ത്രങ്ങളും എത്തിച്ചതോടെയാണ് ഇവിടെ ടാര്‍ മിക്‌സിങ് പ്ലാന്റും പ്ലൈവുഡ് ഫാക്ടറിയുമാണ് ആരംഭിക്കുന്നതെന്ന് നാട്ടുകാര്‍ മനസിലാക്കിയത്. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോമില്‍ നിന്നും ഉപേക്ഷിച്ച് പോന്ന പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കടുത്ത പാരിസ്ഥിതിക പ്രത്യാഘാതത്തിന് വഴി തെളിയിക്കുന്ന തരത്തില്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ പ്ലാന്റില്‍ നിന്നുള്ള വിഷവാതകം അന്തരീക്ഷത്തില്‍ കലര്‍ന്ന് ഒരു നാടിന്റെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യത്തെ ബാധിക്കും. യൂനിറ്റിന് ലിറ്റര്‍ കണക്കിന് വെള്ളവും ആവശ്യമാണ്.
ഇതിന് വേണ്ടി കുഴല്‍ കിണറും സ്ഥാപിച്ച് ഭൂഗര്‍ഭജലം ചൂഷണവും നടത്തുന്നുണ്ട്. വ്യവസായ യൂനിറ്റില്‍ നിന്നും പുറത്തുവരുന്ന മലിനജലം കുടിവെള്ള സ്രോതസിന് തന്നെ ഭീഷണിയാവുമെന്നും പ്രദേശവാസികള്‍ പറയുന്നു. എന്തുവിലകൊടുത്തും ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."