ഷാര്‍ജയില്‍ മലയാളിയെ കുത്തി കൊന്ന സംഭവം: പാകിസ്താനി പിടിയില്‍
ദുബൈ : കഴിഞ്ഞ ദിവസം ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് മലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ 42 കാരനായ പാകിസ്താനി പിടിയിലായി. മൈസലൂണ്‍ പ്രദേശത്ത് ശൈഖ് സായിദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് മലപ്പുറം തിരൂര്‍ കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടി സ്വദേശി കുടലില്‍ അലി (52)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലിസ് ഉടനടി പിടികൂടിയത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി.ടിവിയില്ലാത്തതിനാല്‍ തൊട്ടടുത്ത സ്ഥാപനത്തിലെ സിസി ടിവിയില്‍ പതിഞ്ഞ മങ്ങിയ ദൃശ്യങ്ങളായിരുന്നു അന്വേഷണത്തിനുണ്ടായിരുന്ന ഏക തുമ്പ്. സ്ഥാപനത്തില്‍ നിന്നും പ്രതിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. കടയില്‍ നിന്നും വിരലടയാളവും പൊലിസ് ശേഖരിച്ചിരുന്നു.
മോഷണം മാത്രം ലക്ഷ്യമിട്ട് എത്തിയ പ്രതി മണിക്കൂറുകളോളം പ്രദേശത്തുണ്ടായിരുന്നുവെന്നാണ് നിഗമനം. സംഭവ ദിവസം 6.45ന് കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി ഇടപാട് നടത്തി പോയിരുന്നു. അപ്പോഴെല്ലാം പ്രതി ഈ ഭാഗത്ത് ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.
അലി അല്ലാതെ മറ്റാരും സ്ഥലത്തില്ലെന്ന് ഉറപ്പ് വരുത്തിയാണ് പ്രതി സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇയാള്‍ അലിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അലി ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തത്തിലാണ് കൊലപാതകം നടന്നത്. അലിയുടെ ദേഹത്ത് നിരവധി കുത്തുകളേറ്റിരുന്നു. ചോരയില്‍ കുളിച്ചാണ് മൃതദേഹം കിടന്നിരുന്നത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."