പുതുവര്‍ഷാഘോഷം: പൊലിസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ടൂറിസ്റ്റുകളുടെയും വിദേശ പൗരന്മാരുടെയും മറ്റു പൊതുജനങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവനന്തപുരം സിറ്റിപൊലിസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
നാളെ രാത്രി 10 മണിക്കുശേഷം പൊതുസ്ഥലങ്ങളില്‍ മൈക്കോ മറ്റ് ഇലക്ട്രാണിക് ശബ്ദസംവിധാനങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. വാഹനപരിശോധന കര്‍ശനമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍, ബൈപ്പാസ് റോഡുകള്‍ തുടങ്ങിയ കേന്ദ്രീകരിച്ച് പൊലിസ് പട്രോളിങ് ഉണ്ടായിരിക്കും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ലോഡ്ജുകള്‍, ടൂറസ്റ്റ് ഹോമുകള്‍ തുടങ്ങിയയിടങ്ങളില്‍ പരിശോധന നടത്തും. സ്ത്രീകളുടെ സുരക്ഷക്കായി കോവളം, ടെക്നോപാര്‍ക്ക് എന്നിവ കേന്ദ്രീകരിച്ച് പിങ്ക് പട്രോളിനെ നിയോഗിച്ചു.
പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മഫ്തി പൊലിസിനെ വിന്യസിക്കും.കോവളത്തും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തും. ബീച്ചുകളിലും മറ്റും ആവശ്യമായ അപായസൂചനാ ബോര്‍ഡുകളും മറ്റും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ചുമണിക്കുശേഷംകടലില് ടൂറിസ്റ്റുകളെയും കൊണ്ടുള്ള ബോട്ട് യാത്ര അനുവദിക്കില്ല. കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ചും ശക്തമായ പെട്രോളിങ് ഉണ്ടാകും. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ബീച്ച് ഭാഗങ്ങളില്‍ ഫയര്‍ എന്‍ജിനുകള്‍, തീപ്പിടിത്തത്തെ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
നാളെ കോവളത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഒരു പ്രത്യേക പൊലിസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. പൊലിസിന്റെ സുരക്ഷാക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നു ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."