മിനി സിവില്‍സ്റ്റേഷന്‍ രണ്ടാംഘട്ട പ്രവൃത്തി പൂര്‍ത്തിയാകുന്നു
തിരൂരങ്ങാടി: താലൂക്ക് ഓഫിസ് മാറ്റുന്നതിന്റെ ഭാഗമായി ചെമ്മാട് മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട പ്രവൃത്തി അന്തിമഘട്ടത്തില്‍. കെട്ടിടത്തിന്റെ ഫ്‌ളോറിങ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് പുതിയ നില പണിയുന്നത്. മൂന്ന് വലിയ മുറികളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളും ഭക്ഷണം കഴിക്കുന്നതിനുള്ള മുറിയും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. താഴെനിലയിലെ ടോയ്‌ലറ്റുകള്‍ ഓഫിസിനായുള്ള മുറികളാക്കി പാര്‍ക്കിങ്ങിന്റെ ഭാഗത്ത് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്.
കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ നിലവില്‍ ഹജൂര്‍കച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസ് മിനിസിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. താഴത്തെ നിലയാണ് ഓഫിസിനായി താലൂക്ക് അധികൃതര്‍ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനുള്ള സംവിധാനങ്ങള്‍ ഉടന്‍തന്നെ ഒരുക്കും. നിലവിലുള്ള കെട്ടിടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ലേബര്‍ ഓഫിസ്, മൈനര്‍ ഇറിഗേഷന്‍ ഓഫിസ്, ലീഗല്‍ മെട്രോളജി ഓഫിസ്, വാണിജ്യ നികുതി ഓഫിസ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ കെട്ടിടത്തിലെ പല ഓഫിസുകള്‍ക്കും സ്ഥാനചലനമുണ്ടാവും. ഹജൂര്‍ കച്ചേരിയില്‍ തിങ്ങി ഞെരുങ്ങിയാണ് താലൂക്ക് ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിടത്തിന്റെ നടുമുറ്റത്തോടുചേര്‍ന്ന വരാന്തപോലും ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.
ഹജൂര്‍കച്ചേരി ജില്ലാ പൈതൃക മ്യൂസിയമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്ക് ഓഫിസ് മിനിസിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നപക്ഷം പൈതൃക മ്യൂസിയത്തിനുള്ള നവീകരണ പ്രവൃത്തികള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."