തൊഴിലാളി കുടുംബങ്ങള്‍ എഫ്.സി.ഐയ്ക്ക് മുന്നില്‍ ഉപവസിക്കും
ആലപ്പുഴ: സംസ്ഥാനത്തൊട്ടാകെ എഫ്. സി .ഐ സംഭരണശാലകളില്‍ അട്ടിമറിക്കൂലി വിഷയത്തില്‍ സമരം നടക്കുന്നുവെന്ന ഭക്ഷ്യമന്ത്രിയുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കൂട്ടമായി സ്ഥലം മാറ്റപ്പെട്ട ആലപ്പുഴ ഗോഡൗണിലെ തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തങ്ങളെ സ്ഥലം മാറ്റിയത് മുന്നറിയിപ്പില്ലാതെയാണ്. പ്രകോപനമില്ലാതെ തന്നെ പൊലിസിനെ കൊണ്ട് തൊഴിലാളികളെ പുറത്താക്കുകയായിരുന്നു. ജോലിയെടുക്കാന്‍ തയാറാണെന്ന് പല തവണ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും വകുപ്പ് മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. സമരത്തെ തുടര്‍ന്നു ഭക്ഷ്യക്ഷാമം ഉണ്ടായെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. മന്ത്രി നിലപാട് മാറ്റി സ്ഥലമാറ്റ ഉത്തരവ് പിന്‍വലിച്ച് ഭക്ഷ്യധാന്യ വിതരണം സുഗമമാക്കണമെന്ന് യൂനിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൊഴിലാളി കുടുംബങ്ങള്‍ എഫ്.സി. ഐയ്ക്ക് മുന്നില്‍ ഉപവസിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
റേഷന്‍ വിതരണം സ്തംഭിക്കുന്ന ഒരു നീക്കവും തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഡിസംബര്‍ മാസത്തെ 93 ശതമാനം ലോഡും കയറ്റുമതിചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം താല്‍ക്കാലികമായി നിയമിതരായ 80 തൊഴിലാളികള്‍ക്ക് എട്ടുലോഡുകള്‍ മാത്രമേ കയറ്റാന്‍ കഴിഞ്ഞുള്ളൂവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. എഫ്.സി.ഐ യൂനിയന്‍ ഭാരവാഹികളായ എച്ച.് അബ്ദുല്‍ഗഫൂര്‍, എച്ച.് അഷ്‌റഫ്, ടി. മുഹമ്മദ് ഹുസൈന്‍, അബ്ദുല്‍മജീദ്, എ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അട്ടിമറിക്കൂലി ആവശ്യപ്പെട്ട് സമരം ചെയ്ത അലപ്പുഴ എഫ്. സി. ഐ ഗോഡൗണിലെ 49 ചുമട്ട് തൊഴിലാളികളെ കഴിഞ്ഞ ദിവസം കൊല്ലത്തേക്ക് മാറ്റിയിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."