കഞ്ചാവ് നട്ടുവളര്‍ത്തിയ വനിതയടക്കം രണ്ട് വിദേശികള്‍ അറസ്റ്റില്‍
തൊടുപുഴ: തേക്കടിയിലെ താമസസ്ഥലത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുകയും ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുകയും ചെയ്ത കേസില്‍ ഒരു വനിത ഉള്‍പ്പെടെ രണ്ട് വിദേശികളെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
ഈജിപ്ഷ്യന്‍ പൗരന് മുഹമ്മദ് ആദില്‍ ഹസ്സന് (50), ഇയാളുടെ സുഹൃത്ത് ജര്‍മ്മന്‍ സ്വദേശിനി വുള്റിക് റിച്ചര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. തേക്കടി ബൈപ്പാസ് റോഡില്‍ ഇവര്‍ താമസിച്ചിരുന്ന ക്രിസ്സിസ് കഫെയില്‍ നിന്നും നാല് മാസത്തോളം പ്രായമുള്ള അഞ്ച് കഞ്ചാവ് ചെടികളും 90 ഗ്രാം ഹാഷിഷ് ഓയിലും തൊണ്ണൂറ് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
വിദേശയിനം കഞ്ചാവ് ചെടികള്‍ക്ക് 48-70 സെന്റീമീറ്റര്‍ വരെ ഉയരമുണ്ട്. ചെടിച്ചട്ടികളില്‍ നന്നായി പരിപാലിച്ചാണ് ഇവ വളര്‍ത്തിയിരുന്നത്. ഒരു കുപ്പിയിലാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. ഇതിന് ഒരു ലക്ഷം രൂപയും കഞ്ചാവിന് രണ്ടായിരം രൂപയും വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശികള്‍ക്ക് മാത്രം താമസിക്കുന്നതിന് സൗകര്യം നല്കുന്ന സ്ഥാപനമാണ് ക്രിസിസ് കഫെ. ഇവിടെ ജീവനക്കാര്‍ അല്ലാത്തവര്‍ക്ക് പ്രവേശനമില്ല.
കഴിഞ്ഞ 14 വര്‍ഷമായി മുഹമ്മദ് ആദില്‍ ഹസ്സന് ഇതിന്റെ മാനേജരായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇവിടെ കഞ്ചാവ് ചെടികള്‍ നട്ടുവളര്ത്തുന്നുവെന്ന് അടുത്തിടെ വിവരം ലഭിച്ചിരുന്നു.
ഏതാനും നാളുകളായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു ഈ സ്ഥാപനം. ഇന്നലെ പീരുമേട് കോടതിയില്‍ നിന്നും സെര്‍ച്ച് വാറണ്ട് സമ്പാദിച്ചാണ് ഇവിടെ പരിശോധന നടത്തിയത്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എ നെല്‍സണ്‍,പീരുമേട് സി.ഐ വി.എ സലീം,അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ചന്ദ്രന് കുട്ടി, പ്രിവന്റീവ് ഓഫിസര്‍ റഹീം പി.എസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാജ് കുമാര്‍, ബിജുമോന്. ഡി, സുനില്‍കുമാര്‍ പി.ആര്, രാജേഷ് വി.ആര്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്നലെ രാത്രി പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിദേശികളെ അറസ്റ്റ് ചെയ്ത വിവരം അഭ്യന്തര വകുപ്പിനും വിദേശകാര്യ വകുപ്പിനും കൈമാറുമെന്നും ലഹരി വസ്തുക്കളുടെ സ്രോതസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ.എ നെല്‍സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."